മാലിന്യ സംസ്കരണം: കലക്ടർമാർക്ക് ഹൈകോടതിയുടെ മുന്നറിയിപ്പ്
text_fieldsകൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഒന്നാംഘട്ട നടപടികൾ യഥാസമയം പൂർത്തിയാക്കാത്ത ജില്ല കലക്ടർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ഹൈകോടതി. തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ഉറപ്പു നൽകിയ പദ്ധതിയും സമയക്രമവുമാണിതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഹൈകോടതി സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വാക്കാൽ മുന്നറിയിപ്പ്.
പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ഏപ്രിൽ പത്തിന് റിപ്പോർട്ട് നൽകുമെന്ന് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾ അമിക്കസ് ക്യൂറിമാർ പരിശോധിക്കും. തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറിക്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ചിട്ടയായ രീതിയിലല്ല കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണമെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് കൊച്ചി നഗരസഭ സെക്രട്ടറിക്കും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏറ്റവും പരിതാപകരമായ അവസ്ഥയാണ് കൊച്ചി നഗരസഭയിലെ മാലിന്യ സംസ്കരണമെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.