മാലിന്യ സംസ്കരണം: തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയിൽ കൊഴുത്തത് അംഗീകാരമില്ലാത്ത ഏജൻസികൾ
text_fieldsതിരുവനന്തപുരം: ജൈവ- അജൈവ മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയിൽ കൊഴുത്തത് അംഗീകാരമില്ലാത്ത ഏജൻസികൾ. പല തദ്ദേശസ്ഥാപന പരിധിയിലും വൻതുക ഈടാക്കിയാണ് വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത്. ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആർക്കും പിടിയില്ല. സ്വന്തം നിലക്ക് മാലിന്യശേഖരണവും സംസ്കരണവുമില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ കണ്ണടക്കുകയുമാണ്.
വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന അംഗീകാരമില്ലാത്ത ഏജൻസികളെ വരുതിയിലാക്കാൻ സർക്കാർ തീരുമാനിച്ചു. പരിശോധനയും നടപടിയും ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൂടിച്ചേർന്ന മാലിന്യമലക്ക് തീപിടിക്കാനിടയായ ഗുരുതര സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് നീക്കം. ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതും ഹൈകോടതി നിർദേശങ്ങളും തദ്ദേശ വകുപ്പിനെയും സർക്കാറിനെയും അതി സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്.
ചില നഗരസഭകളിലും പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് അംഗീകൃത ഏജൻസികളല്ല. തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ജൈവ, അജൈവ മാലിന്യങ്ങൾ ഒന്നിച്ചെത്തി ബ്രഹ്മപുരത്തേതുപോലെ മാലിന്യമലകൾ രൂപപ്പെടാൻ കാരണമെന്ന് തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗങ്ങൾ വിലയിരുത്തിയിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗീകാരമില്ലാത്ത ഏജൻസികളുമുൾപ്പെടുന്ന ‘മാലിന്യ മാഫിയ’ തന്നെ ചില സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതായ വിവരങ്ങളും പങ്കുവെച്ചു.
ചില ഏജൻസികൾ ഇവരിൽ ചിലരുടെ ബിനാമിയാണെന്ന ആരോപണവുമുയർന്നു. യൂസർ ഫീയുടെ പേരിൽ ഹരിത കർമസേനയെ അകറ്റിനിർത്തുമ്പോൾ അംഗീകാരമില്ലാത്ത ഏജൻസികൾ മാസം തോറും ഫീസ് പിരിച്ച് മാലിന്യങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്നതായും വ്യക്തമായി.
സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് കർശന നടപടികൾ ഏപ്രിലിലേക്ക് നീട്ടിയത്.
മാലിന്യം വലിച്ചെറിയുന്നത് പിടിക്കാൻ സ്ക്വാഡുകള്‍
തിരുവനന്തപുരം: മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിക്കും. തദ്ദേശ വകുപ്പ്, ശുചിത്വമിഷൻ, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്ക്വാഡ് എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.