വിരമിക്കൽ ആനുകൂല്യങ്ങൾ ‘വരുമാനം മെച്ചപ്പെടുന്ന മുറക്ക്’ എന്ന് ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: വെള്ളക്കരം വർധനയിലൂടെ വരുമാനം വർധിച്ചിട്ടും വിരമിച്ചവരുടെ അനുകൂല്യങ്ങൾ നൽകുന്നതിൽനിന്ന് ജല അതോറിറ്റി പിന്നാക്കം പോകുന്നു. വിരമിക്കൽ ആനുകൂല്യങ്ങൾക്കായി സമീപിക്കുന്നവർക്ക് ‘റവന്യൂ വരുമാനം മെച്ചപ്പെടുന്ന മുറക്ക്’ സീനിയോറിറ്റി പ്രകാരം നൽകുമെന്ന മറുപടിയാണ് നൽകുന്നത്.
കമ്യൂട്ടേഷൻ, ഡി.സി.ആർ.ജി, ടെർമിനൽ സറണ്ടർ തുക എന്നിവയാണ് യഥാസമയം വിതരണം ചെയ്യാത്തത്. 2019 ജൂൺ 30 വരെ വിരമിച്ചവർക്ക് കമ്യൂട്ടേഷനും 2021 ഒക്ടോബർ 31 വരെ വിരമിച്ചവർക്ക് ഡി.സി.ആർ.ജിയും നൽകിയിട്ടുണ്ട്. 500 പേർക്ക് ഡി.സി.ആർ.ജി കുടിശ്ശിക നൽകാൻ 43.29 കോടിയും 1410 പേർക്ക് കമ്യൂട്ടേഷൻ കുടിശ്ശിക നൽകാൻ 173.14 കോടിയും ആവശ്യമുണ്ടെന്നാണ് അതോറിറ്റിയുടെ വിദശീകരണം. സർക്കാറിൽനിന്ന് ലഭിക്കുന്ന നോൺ പ്ലാൻ തുകയും തനത് ഫണ്ടും ഉപയോഗിച്ചാണ് വിരമിച്ച ജീവനക്കാർക്കുള്ള ഡി.സി.ആർ.ജി, കമ്യൂട്ടേഷൻ ആനുകൂല്യങ്ങളും ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകൾ എന്നിവയും നടത്തുന്നത്.
വെള്ളക്കരം വർധിപ്പിച്ചതോടെ, വിമരിക്കൽ ആനുകൂല്യങ്ങൾ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ നിരാശരാണ്. സർക്കാറിൽനിന്നുള്ള നോൺ പ്ലാൻ ഫണ്ട് തുക കെ.എസ്.ഇ.ബിക്ക് കുടിശ്ശിക തീർക്കാൻ കൈമാറി സർക്കാർ തീരുമാനമെടുത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വരും വർഷങ്ങൾ നോൺ പ്ലാൻ ഫണ്ട് വരുമാനത്തിൽ പ്രതീക്ഷ വെക്കാനാകാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.