ജല അതോറിറ്റി ബി.പി.എൽ അപേക്ഷ ഇനി മൊബൈൽ ഫോൺവഴി
text_fieldsപാലക്കാട്: മൊബൈൽ ഫോണിലൂടെ ജല അതോറിറ്റി ബി.പി.എൽ ഉപഭോക്താവാകാനും നിലവിലെ ബി.പി.എൽ ഉപഭോക്താക്കൾക്ക് പുതുക്കാനുമാകും. http://bplapp.kwa.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. ജനുവരി ആദ്യ വാരം പോർട്ടൽ പൂർണസജ്ജമായി തുറന്നുകൊടുക്കും. ജല അതോറിറ്റി പ്രതിമാസം 15 കിലോ ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ജലം നൽകുന്നത്. എല്ലാ വർഷവും ജനുവരി 31നുമുമ്പ് ആനുകൂല്യത്തിന് അപേക്ഷ പുതുക്കണം.
ബി.പി.എൽ ആനുകൂല്യത്തിന് ലഭിക്കുന്ന അപേക്ഷകളിലെ ഉപഭോക്താക്കളെ സംബന്ധിച്ച് അതോറിറ്റിയുടെ ബിൽ സോഫ്റ്റ്വെയറായ ഇ അബാക്കസിലെ വിവരങ്ങൾ സിവിൽ സൈപ്ലസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അർഹരായവർക്ക് ആനുകൂല്യം നൽകും. അപേക്ഷിച്ച ഉപഭോക്താക്കളിൽ പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവർ, വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ, എ.പി.എൽ സ്റ്റാറ്റസിലേക്ക് മാറിയവർ എന്നീ ഗണത്തിൽപെടുന്നവർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ്. സന്ദേശം വഴി വിവരം ലഭിക്കും. ജനുവരി 31നുമുമ്പ് കേടായ മീറ്റർ മാറ്റിവെക്കുകയും കുടിശ്ശിക അടക്കുകയും ചെയ്താൽ ഉപഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യം നൽകും. ആനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ച ഉപഭോക്താവിന്റെ പേരും റേഷൻ കാർഡിലെ ഉടമസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആ ഉപഭോക്തൃ പട്ടിക ‘മിസ്മാച്ച് വെരിഫിക്കേഷൻ’ എന്ന മെനുവിൽ തൊട്ടടുത്ത ദിവസം സെക്ഷൻ ജീവനക്കാർക്ക് ലഭ്യമാകും. ജീവനക്കാർ അത് പരിശോധിച്ച് അർഹമാണെങ്കിൽ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.
ഉപഭോക്താക്കൾ ചെയ്യേണ്ടത്
- മൊബൈൽ ഫോണിൽ bplapp.kwa.kerala.gov.inൽ സെർച്ച് ചെയ്ത് പോർട്ടലിൽ കയറാം. അക്ഷയകേന്ദ്രം വഴിയോ ഇന്റർനെറ്റ് വഴിയോ ഉപയോഗിക്കാം.
- ഐ ആം നോട്ട് എ റോബോട്ട് എന്ന കോളം ടിക് ചെയ്ത് പുതിയ അപേക്ഷകർ ന്യൂ ആപ്ലിക്കേഷൻ (കൺസ്യൂമേഴ്സ്) എന്ന ഭാഗം സെലക്ട് ചെയ്ത് പ്രവേശിക്കാം.
- വിൻഡോ ഓപൺ ആയാൽ കൺസ്യൂമർ ഐഡി ചോദിക്കുന്ന കോളത്തിൽ നൽകണം. വാട്ടർ ബില്ലിന്റെ അഡ്രസിന് താഴെയുള്ള 10 അക്ക നമ്പറാണ് കൺസ്യൂമർ നമ്പർ. ചിലപ്പോൾ ഫോൺനമ്പറും ആവശ്യമായി വന്നേക്കും.
- റേഷൻ കാർഡ് നമ്പറും നൽകേണ്ടി വരും.
- ഇവ പൂരിപ്പിച്ച് സബ്മിറ്റ് നൽകിയാൽ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.