ജല അതോറിറ്റി: എതിർപ്പ് അവഗണിച്ച് 12,000 കോടി കടമെടുപ്പുമായി മുന്നോട്ട്
text_fieldsതിരുവനന്തപുരം: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ എതിർപ്പുകൾ അവഗണിച്ച് 12,000 കോടി രൂപ കടമെടുക്കാനുള്ള നീക്കവുമായി ജല അതോറിറ്റി മുന്നോട്ട്. സംസ്ഥാന സർക്കാറിന്റെ ഗാരന്റി കടമെടുപ്പിന് ലഭിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുന്നതിൽ അപാകതയില്ലെന്നുമുള്ള വാദമാണ് കഴിഞ്ഞ ഡയറക്ടർ ബോർഡിൽ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചത്. കടമെടുപ്പിന് അനുമതി തേടി ജല അതോറിറ്റി മാനേജ്മെന്റ് സർക്കാറിന് നൽകിയ കത്തിനെ പിന്തുണക്കുന്ന നിലപാടാണ് ബോർഡിലുണ്ടായത്. ജല അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്ന കടമെടുപ്പിനെതിരെ ജീവനക്കാരുടെ സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ഇത് അവഗണിച്ച് മുന്നോട്ടുപോകാനാണ് ജല അതോറിറ്റി തീരുമാനം.
കടമെടുപ്പിനുള്ള ജലഅതോറിറ്റിയുടെ അപേക്ഷ സർക്കാറിന്റെ ‘സജീവ പരിഗണനയിലാണ്’ എന്നാണ് ജലവിഭവ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. ജൽജീവൻ മിഷൻ നടത്തിപ്പിന് സംസ്ഥാന വിഹിതം കണ്ടെത്താൻ വിവിധ നിർദേശങ്ങൾ ജലഅതോറിറ്റി എം.ഡി സർക്കാറിന് സമർപ്പിച്ചെന്നും ഹഡ്കോ, നബാർഡ്, എൽ.ഐ.സി സ്ഥാപനങ്ങളിൽനിന്ന് കടമെടുപ്പിനുള്ള പദ്ധതി പരിഗണിക്കുന്നെന്നുമാണ് മന്ത്രിയുടെ വിശദീകരണം. 2024-25 വർഷം കേന്ദ്രസർക്കാർ വിഹിതമായി പദ്ധതിക്ക് 974.67 കോടി ലഭിച്ചിരുന്നു.
സംസ്ഥാന സർക്കാർ 951.93 കോടിയും നൽകി. അടുത്ത സാമ്പത്തിക വർഷത്തേക്ക് സംസ്ഥാന ബജറ്റിൽ 560 കോടി പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ഈ നിലയിൽ തുക വകയിരുത്തിയതുകൊണ്ട് പദ്ധതി ലക്ഷ്യമിടുന്നവിധം പൂർത്തീകരിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. 2028 വരെയാണ് പദ്ധതി പൂർത്തീകരണത്തിനുള്ള പുതുക്കിയ കാലാവധി. 2025-26 വർഷം 11,500 കോടി, 2026-27ൽ 9000 കോടി, 2027-28ൽ 9000 കോടി എന്നിങ്ങനെയാണ് ഇനിയുള്ള ചെലവ് കണക്കാക്കുന്നത്.
2028 ഏപ്രിൽ മുതൽ ഡിസംബർ വരെ 4500 കോടിയും ചെലവിനായി വേണ്ടിവരും. അതേസമയം കരാറുകാരുടെ കുടിശ്ശികയാണ് ജൽജീവൻ മിഷന്റെ വേഗം കുറക്കുന്ന പ്രധാന ഘടകം. സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം കരാറുകാർക്ക് നൽകേണ്ട കുടിശ്ശിക 4371.32 കോടി രൂപയാണ്. എന്നാൽ, 4500 കോടിയിലേറെ രൂപ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.