ജല അതോറിറ്റിയുടെ പണം സ്വകാര്യ ബാങ്കുകളിലേക്ക്; വിവാദം
text_fieldsതിരുവനന്തപുരം: എസ്.ബി.ഐയിൽനിന്ന് സ്വകാര്യ ബാങ്കുകളിലേക്ക് ജല അതോറിറ്റിയുടെ നിക്ഷേപം മാറ്റാനുള്ള തീരുമാനം വിവാദത്തിൽ. ഇതിനകം 200 കോടി രൂപ രണ്ട് ബാങ്കുകളിലേക്ക് മാറ്റിയെന്നാണ് അനൗദ്യോഗിക വിവരം. ഇതുസംബന്ധിച്ച ഉത്തരവോ രേഖാമൂലമുള്ള അറിയിപ്പുകളോ ജല അതോറിറ്റി പുറത്തിറക്കിയിട്ടില്ല. സംസ്ഥാനത്ത് പരിമിത ശാഖകളും ബിസിനസുമുള്ള പുതുതലമുറ ബാങ്കിന്റെയും മറ്റൊരു സ്വകാര്യ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്കാണ് നൂറ് കോടി രൂപ വീതം കൈമാറിയത്. രണ്ട് ബാങ്കുകളും കൂടുതൽ പലിശ വാഗ്ദാനം ചെയ്തതതിനാലാണ് പണം കൈമാറിയതെന്ന് ജല അതോറിറ്റിയിലെ ധനവിനിയോഗവുമായി ബന്ധപ്പെട്ട വിഭാഗത്തിലുള്ളവർ പറയുന്നു.
പൊതുമേഖല ബാങ്കുകൾ ധാരാളമുള്ളപ്പോൾ സ്വകാര്യ ബാങ്കുകളിലേക്ക് പണം മാറ്റുന്നതിനെതിരെ യൂനിയനുകൾ രംഗത്തെത്തി. സി.ഐ.ടി.യു നേതൃത്വത്തിലുള്ള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയനും ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷനും മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചു. അംഗീകൃത സംഘടനകളുടെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ഡിക്ക് കത്ത് നൽകിയതെന്ന് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി പി. ബിജു പറഞ്ഞു.
വെള്ളക്കരം വർധിപ്പിച്ചശേഷം വരുമാനത്തിൽ വർധന വന്നെങ്കിലും ഏറെ ബാധ്യതകൾ ജല അതോറിറ്റിക്ക് മുന്നിലുണ്ട്. വൈദ്യുതി നിരക്ക് കുടിശ്ശിക ഇനത്തിൽ കൂടുതൽ പണം വേണമെന്ന സമ്മർദം കെ.എസ്.ഇ.ബി ശക്തമാക്കി. സമീപകാലത്ത് വിരമിച്ചവർക്ക് നൽകേണ്ട ആനൂകൂല്യങ്ങളുടെ വിതരണവും പൂർത്തിയാക്കാനായില്ല. ധനവകുപ്പിന്റെ അനുമതി കിട്ടിയാൽ വൈകാതെ പെൻഷൻ പരിഷ്കരണവും നടപ്പാക്കേണ്ടതുണ്ട്. ധനവിനിയോഗത്തിലും നിക്ഷേപത്തിലും സൂക്ഷ്മത പുലർത്തേണ്ട സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളിലേക്ക് വലിയതോതിൽ പണം കൈമാറുന്നത് സ്ഥാപനത്തിന് ഗുണകരമാവില്ലെന്ന ആശങ്കയാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.