ജലഅതോറിറ്റി; പി.എസ്.സി നിയമനങ്ങൾ വൈകിപ്പിക്കാൻ നീക്കം
text_fieldsകൊല്ലം: പിൻവാതിൽ നിയമനങ്ങൾ തകൃതിയായ ജല അതോറിറ്റി മീറ്റർ റീഡർ തസ്തികയിൽ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ വൈകിപ്പിക്കാൻ നീക്കം. ജല ജീവൻ മിഷൻ പദ്ധതിയിലേത് അടക്കമുള്ള കുടിവെള്ള കണക്ഷനുകൾ വർധിക്കുന്നതിനിടെയാണിത്. നിശ്ചിത യോഗ്യതയില്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ മീറ്റർ റീഡർമാരാക്കി സ്ഥാനക്കയറ്റം നൽകി നിയമിച്ചത് അടുത്തിടെയാണ്. അടുത്തിടെ നിലവിൽ വന്ന സ്പെഷൽ റൂൽ അട്ടിമറിച്ചായിരുന്നു ഇത്. ഇത്തരത്തിൽ കൂടുതൽ പേർക്ക് സ്ഥാനക്കയറ്റം നൽകാനാണ് ശ്രമം.
മീറ്റർ റീഡർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിച്ച് പി.എസ്.സി വഴി നിയമനം നടത്തുന്നതിനോട് മാനേജ്മെന്റ് താൽപര്യം കാട്ടുന്നില്ല. കരാർ, താൽക്കാലിക നിയമനങ്ങൾ കൂടുതലായി നടത്താനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത് ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്.
പി.എസ്.സി പ്രസിദ്ധീകരിച്ച മീറ്റർ റീഡർ മെയിൻ റാങ്ക് ലിസ്റ്റിൽ 300 പേരും സപ്ലിമെൻററിയിൽ 250 പേരും ഉൾപ്പെട്ടിരുന്നു. പി.എസ്.സി ലിസ്റ്റിൽനിന്ന് കുറച്ച് നിയമനങ്ങൾ മാത്രമാണ് ഇതിനകം നടന്നത്. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗങ്ങളിലടക്കം മീറ്റർ റീഡർമാരുടെ പുതിയ സ്ഥിരം നിയമനങ്ങൾ വേണ്ടന്ന നിലപാടാണ് ബന്ധപ്പെട്ടവർ ഉന്നയിക്കുന്നത്. പി.എസ്.സി വഴിയോ താൽക്കാലികമായാണെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ നിയമനം നടത്തണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു.
18 ലക്ഷം കണക്ഷനുള്ളപ്പോഴുള്ള നിലവിലെ 350 സ്ഥിരം തസ്തികകൾ ഇപ്പോൾ അപര്യാപ്തമാണ്. എന്നാൽ അധിക തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാർ അനുമതി തേടുന്നതിൽ സാമ്പത്തിക പ്രതിസന്ധിയടക്കം പലകാരണങ്ങൾ പറഞ്ഞ് മാനേജ്മെന്റ് നിസ്സംഗത പാലിക്കുകയാണ്. നിലവിലുള്ള 42 ലക്ഷം കുടിവെള്ള കണക്ഷനുകൾ ജല ജീവൻ പദ്ധതി പൂർത്തിയാവുമ്പോൾ 70 ലക്ഷത്തിന് മുകളിലേക്കെത്തും. മീറ്റർ റീഡിങ്ങുമായി ബന്ധപ്പെട്ട് വിവിധ പരിഷ്കാരങ്ങൾ ജല അതോറിറ്റി പലഘട്ടത്തിലും പരീക്ഷിച്ചെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.