ജലഅതോറിറ്റി പെൻഷൻ പരിഷ്കരണ ഉത്തരവ് ഉടൻ
text_fieldsതിരുവനന്തപരും: നീണ്ടകാത്തിരിപ്പിനൊടുവിൽ ജല അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണ ആവശ്യത്തിന് പരിഹാരമാവുന്നു. മാസങ്ങളായി ധനവകുപ്പിന്റെ പരിഗണനയിലുള്ള പെൻഷൻ പരിഷ്കരണ ഫയലിൽ ഉടൻ ഉത്തരവിറക്കും. പെൻഷൻകാരുടെ സംഘടന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധനമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷയത്തിൽ ജലവിഭവ മന്ത്രിയുമായി ചർച്ച നടന്നിരുന്നു. ധനമന്ത്രിയുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന ധാരണയിൽ പെൻഷൻകാർ നടത്തി വന്ന സമരം പിൻവലിക്കുകയും ചെയ്തു. തുടർന്നാണ് ബുധനാഴ്ച ധനമന്ത്രിയുമായി ചർച്ച നടന്നത്.
പെൻഷൻ പരിഷ്കരണം അധിക ബാധ്യതയാകില്ലെന്നും ധനവകുപ്പ് അനുമതി നൽകി സർക്കാർ തീരുമാനം വന്നാൽ വിതരണം ആരംഭിക്കാൻ തടസ്സമില്ലെന്ന നിലപാടിലാണ് അതോറിറ്റി. 2022 ഒക്ടോബർ 25ന് ജല അതോറിറ്റിയിലെ ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയെങ്കിലും പെൻഷൻ പരിഷ്കരണം മാറ്റിവെക്കുകയായിരുന്നു. വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ആക്ട് പ്രകാരം സർക്കാർ ജീവനക്കാരുടേതിന് സമാനമായ എല്ലാ സേവന-വേതന വ്യവസ്ഥകളും ജല അതോറിറ്റി ജീവനക്കാർക്കും പെൻഷൻകാർക്കും ബാധകമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പള കമീഷൻ റിപ്പോർട്ട് സമർപ്പിച്ച് വൈകാതെ ശമ്പള-പെൻഷൻ പരിഷ്കരണം നടപ്പാക്കിയപ്പോൾ ജല അതോറിറ്റിയിൽ ഏറെ നാളത്തെ സമരത്തിനു ശേഷം ശമ്പള പരിഷ്കരണം മാത്രം അനുവദിക്കുകയും പെൻഷൻകാരെ തഴയുകയുമായിരുന്നു. ഇതോടെയാണ് പെൻഷൻകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. ജല അതോറിറ്റി നഷ്ടത്തിലാണെന്നും വെള്ളക്കരം വർധനയിലൂടെ അധിക വരുമാനം വരുന്ന മുറക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കാമെന്നുമായിരുന്നു സർക്കാർ വിശദീകരണം. 50 കോടിയായിരുന്ന ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനം നൂറുകോടിയിലെത്തിയിട്ടും പെൻഷൻ പരിഷ്കരണം നീട്ടിക്കൊണ്ടുപോയി. ഇതോടെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനം വൈകുന്ന സാഹചര്യത്തിൽ നിരാഹാര സമരത്തിനും തീരുമാനമെടുത്തു. ഇതിനിടെയാണ് അനുകൂല തീരുമാനം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.