കനിയാതെ ജല അതോറിറ്റി; സംസ്ഥാന പാതയിലെ കുഴി അടക്കാനാവാതെ പൊതുമരാമത്ത് വകുപ്പ്
text_fieldsനാദാപുരം: ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച അടക്കാൻ അധികൃതർ തയാറാവാത്തതു കാരണം സംസ്ഥാനപാതയിലെ കുഴി അടക്കാനാവാതെ പൊതുമരാമത്ത് വകുപ്പ്. പൈപ്പിലെ ചോർച്ച കാരണം നിരവധി സ്ഥലത്താണ് റോഡ് തകർന്ന് അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കല്ലാച്ചി ടൗണിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ റോഡിലെ വെള്ളത്തിന്റെ ചോർച്ചയാണ് സംസ്ഥാന പാതയിലെ കുഴി അടക്കലിന് തടസ്സമാവുന്നത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് കത്ത് നൽകിയെങ്കിലും ചോർച്ച തടയാൻ നടപടികളുണ്ടായിട്ടില്ല.
റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴികൾ നിറഞ്ഞതിനാൽ യാത്രദുരിതം ഏറെയാണ്. വിംസ് റോഡിൽനിന്നാണ് സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നത്.
കുഴികൾ നിറഞ്ഞ ഈ ഭാഗത്തെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസും പാടുപെടുകയാണ്. സംസ്ഥാനപാതയിൽ മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വാണിയൂർ റോഡിലെ കലുങ്ക് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.
കാലവർഷത്തിൽ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കലുങ്ക് നിർമാണം ആശ്വാസമാവുമെന്നാണ് കരുതുന്നത്. 20ന് പണി തുടങ്ങാനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ജല അതോറിറ്റി, ബി.എസ്.എൻ.എൽ അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്ന കല്ലാച്ചി ടൗണിൽ രാത്രി പ്രവൃത്തിചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്ന് വന്നുപെട്ട ഹർത്താൽ പി.ഡബ്ല്യൂ.ഡിക്ക് അനുഗ്രഹമായി.
രാവിലെ 10 മണിക്ക് തന്നെ തൊഴിലാളികൾ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. 25 ലക്ഷം രൂപയുടെ കലുങ്ക് നിർമാണ പ്രവൃത്തിയും, അതിനോട് അനുബന്ധിച്ച് കല്ലാച്ചി-വാണിയൂർ റോഡിൽ ഓവുചാൽ നിർമാണവുമാണ് നടന്നുവരുന്നത്.
റോഡ് കട്ടിങ് നടത്തുമ്പോൾ പൂർണമായും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തതോടെ മറ്റ് വകുപ്പുമായി അടിയന്തര ഇടപെടൽ നടത്തിയാണ് പ്രവൃത്തി തുടങ്ങാൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ലതീശൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, ഓവർസിയർ ശരണ്യ എന്നിവർ അന്തിമ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.