സൗരോർജ വൈദ്യുതി വ്യാപകമാക്കാൻ ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ജല അതോറിറ്റി. നിലവിൽ റവന്യൂ വരുമാനത്തിന്റെ 40 ശതമാനത്തിലധികം വൈദ്യുതി ചാർജ് അടക്കാനാണ് ചെലവിടുന്നത്. ഇതിന് പ്രതിവിധിയായി സൗരോർജം പരമാവധി ഉപയോഗിക്കാനാണ് നീക്കം. നിലവിൽ സൗരോർജം ചിലയിടങ്ങളിൽ ജല അതോറിറ്റി ഉപയോഗിക്കുന്നുണ്ട്.
സിയാലുമായി ചേർന്ന് സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുന്നതിന് അധികൃതരുമായി ജല അതോറിറ്റി എം.ഡി ചർച്ച നടത്തും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ബോർഡ് ചെയർമാനാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. കുടിവെള്ള പദ്ധതികളുടെ എണ്ണം വർധിക്കുന്നതിനസുരിച്ച് വൈദ്യുതി ഉപഭോഗം ഇനിയും വർധിക്കാനാണ് സാധ്യത. കെ.എസ്.ഇ.ബിയാകട്ടെ, വൈദ്യുതി ചാർജ് പിരിച്ചെടുക്കുന്നതിൽ നിലപാട് കടുപ്പിച്ചിട്ടുമുണ്ട്.
വെള്ളക്കരം വർധിപ്പിച്ച ശേഷം വരുമാനത്തിന്റെ 35 ശതമാനം എല്ലാ മാസവും വേണമെന്ന ആവശ്യം കെ.എസ്.ഇ.ബി ആവർത്തിക്കുകയാണ്. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കണമെന്ന നിർദേശം ഉന്നതലതല ചർച്ചയിലുണ്ടായെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ആകെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം വൈദ്യുതി ബോർഡിന് നൽകാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ജലഅതോറിറ്റി. വൈദ്യുതി ഉപഭോഗം കുറക്കാൻ എനർജി മാനേജ്മെന്റ് സെൽ ജലഅതോറിറ്റി ഹെഡ് ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കി. ഊർജസംരക്ഷണം, സംഭരണം എന്നിവയായിരിക്കും സെല്ലിന്റെ ഉത്തരവാദിത്തം. അടുത്ത ആറുമാസത്തിനകം ഇത് നടപ്പാക്കണമെന്നാണ് നിർദേശം.
വലിയ ജലവിതരണ പദ്ധതികൾ, പമ്പ് ഹൗസുകൾ തുടങ്ങി എല്ലാ മേഖലകളിലും നിലവിലെ വൈദ്യുതി ഉപഭോഗം കൃത്യമായി പഠിച്ച് അത് കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികൾക്ക് എനർജി മാനേജ്മെന്റ് സെൽ രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.