കുടിവെള്ള ചാർജ് കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി
text_fieldsകോഴിക്കോട് : റവന്യു കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകാൻ കേരള വാട്ടർ അതോറിറ്റി. ആഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നത്. ഊർജിത കുടിശിക നിവാരണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി സമർപ്പിച്ച ആംനെസ്റ്റി പദ്ധതി മാർഗരേഖ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും. കുടിശികത്തുകയിൻമേൽ ഒട്ടേറെ ഇളവുകളും അനുവദിച്ചു.
2022 മേയ് 31ലെ കണക്കനുസരിച്ച് വാട്ടർ അതോറിറ്റിക്കു പിരിഞ്ഞു കിട്ടാനുള്ള കുടിശിക 1130.26 കോടി രൂപയാണ്. ഇതിൽ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങൾ, ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കൾ എന്നീ വിഭാഗങ്ങളുടെ കുടിശിക ഉൾപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 15 വരെ, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശികകൾ തീർപ്പാക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പരിഗണിക്കാനുള്ള സിറ്റിങ് 15 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ജൂൺ 30 നു മുൻപ് മുതല്‍ വാട്ടര്‍ ചാര്‍ജ് കുടിശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം. ഈ തീയതിക്കു മുന്‍പ് കുടിശിക ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇതുവഴി ആനുകൂല്യം ലഭിക്കുന്നതല്ല.
റവന്യു റിക്കവറി നടപടികള്‍ നേരിട്ടുന്ന ഉപഭോക്താക്കള്‍ അപേക്ഷിക്കുന്ന പക്ഷം ആംനെസ്റ്റി സ്കീമില്‍ ഉള്‍പെടുത്തുന്നതാണ്. ഈ പദ്ധതിയില്‍ തീര്‍പ്പാക്കിയ തുകയ്ക്കു പുറമെ റവന്യു വകുപ്പിന് അടയ്ക്കാനുള്ള റിക്കവറി ചാർജ് കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കളുടെ കാര്യത്തില്‍, കേസ് പിന്‍ വലിക്കുകയാണെങ്കില്‍ ആംനെസ്റ്റി പദ്ധതിയില്‍ പരിഗണിക്കും.
വാട്ടര്‍ ചാര്‍ജ് കുടിശികയുടെ പേരില്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ വാട്ടര്‍ ചാര്‍ജും പിഴയും പ്രതിമാസം അഞ്ചു രൂപ നിരക്കില്‍ അടച്ചാല്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ്. കാന്‍സര്‍, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് നടത്തുന്നവര്‍, മാനസിക വെല്ലുവിളി നേരിട്ടന്ന കുട്ടികള്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ ചാര്‍ജ് മാത്രം ഈടാക്കി കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കും.
ലീക്കേജ് കാരണം അധിക ബില്ല് വന്നിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ 50 കിലോലിറ്ററില്‍ കൂടുതല്‍ അധികമായി രേഖപ്പെടുത്തുന്ന ഉപയോഗത്തിന് ഓരോ കിലോലിറ്ററിനും 20 രൂപ വീതം കണക്കാക്കി ഒഴിവാക്കുകയാണ് ചെയ്യുന്നത്. 2021 ജൂൺ 30നു മുൻപ് ലീക്ക് വന്നിട്ടുള്ളതും ഉപഭോഗം മാസം 25 കിലോലിറ്ററിനു മുകളില്‍ വന്നിട്ടുള്ളതുമായ ഉപഭോക്താക്കള്‍ക്ക് 25 കിലോലിറ്ററിനു മുകളില്‍ വന്നിട്ടുള്ള വാട്ടര്‍ ചാര്‍ജിന്റെ പകുതി ഈ സ്‌കീമില്‍ ഒഴിവാക്കി നല്‍കുന്നതാണ്.
ബി.പി.എൽ ഉപഭോക്താക്കള്‍ക്കു പരമാവധി 2,70,000 ലിറ്റര്‍ വരെ ഒഴിവാക്കി, അതിനു മുകളില്‍ രേഖപ്പെടുത്തിയ ഉപയോഗത്തിന് മാത്രം ഗാര്‍ഹിക താരിഫിലെ മിനിമം ചാര്‍ജ് ഈടാക്കി നൽകും. കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിട്ടുള്ള ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ വാട്ടര്‍ ചാര്‍ജിനോടൊപ്പം രണ്ട് ശതമാനം പ്രതിമാസ പിഴ ഈടാക്കുന്നതിനു പകരം ഒരുശതമാനം മാത്രം പിഴ ഈടാക്കി, മറ്റെല്ലാ ചാര്‍ജുകളും ഒഴിവാക്കി കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ്.
ഗാര്‍ഹികേതര കണക്ഷനുകള്‍ക്ക് നിലവിൽ നൽകാത്ത ലീക്കേജ് ആനുകൂല്യവും ഈ പദ്ധതി വഴി ലഭിക്കും. മൂന്നു വര്‍ഷത്തിലധികമായി മീറ്റര്‍ റീഡിങ് ഇല്ലാത്തതും ബില്ലുകള്‍ ലഭിക്കാത്തതുമായ ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ ചാര്‍ജ് മാത്രം ഈടാക്കി മറ്റു ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കുന്നതാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രം കുടിവെള്ളം ഉപയോഗിക്കുകയും തെറ്റായി ഗാര്‍ഹികേതര വിഭാഗത്തില്‍ ബില്ലുകള്‍ നല്‍കിയിട്ടുമുള്ള ഉപഭോക്താക്കള്‍ക്ക് ഗാര്‍ഹിക വിഭാഗത്തിലുള്ള നിരക്കനുസരിച്ച് ബില്ലുകള്‍ പുനക്രമീകരിച്ചു നല്‍കുന്നതാണ്.
വായു പ്രവാഹം മൂലം അധിക ബില്‍ വന്ന ഉപഭോക്താക്കള്‍ക്ക് അധികമായി വന്ന വാട്ടര്‍ ചാര്‍ജ് എയര്‍ വാല്‍വ് ഘടിപ്പിച്ചാല്‍ ഒഴിവാക്കി നല്‍കുന്നതാണ്. വാട്ടര്‍ ചാര്‍ജ് അടച്ചു തീര്‍ത്ത് കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുള്ളതും എന്നാല്‍ വിശ്ചേദന ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വാട്ടര്‍ ചാര്‍ജ് കുടിശിക വന്നിട്ടുള്ളതുമാ ഉപഭോക്താക്കളുടെ കുടിശ്ലിക വിശ്ചേദന ഫീസ് മാത്രം ഈടാക്കി കുടിശ്ശിക തുക പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതാണ്. കണക്ഷന്‍ ഭൗതികമായി നിലവില്‍ ഇല്ലെങ്കില്‍ യഥാര്‍ഥ വാട്ടര്‍ ചാര്‍ജ് മാത്രം ഈടാക്കി കുടിശ്ശിക ഒഴിവാക്കി നല്‍കും.
എല്ലാത്തരം പരാതികളും തീര്‍പ്പാക്കാനുള്ള അധികാരം, തുകയുടെ പരിധി ഇല്ലാതെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അധ്യക്ഷനായ കമ്മിറ്റിക്കാണ്. പരാതി പരിശോധിച്ച് പുതുക്കി നിശ്ചയിച്ച കുടിശിക തുക എസ്.എം.എസ് മുഖേനയും ഓഫീസില്‍നിന്നു നേരിട്ടും ഉപഭോക്താവിന് അറിയാവുന്നതാണ്. മേല്‍പ്പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ആംനസ്റ്റി പദ്ധതി കാലയളവില്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.