വെള്ളക്കരം: ജല അതോറിറ്റിക്ക് മാസം 30 കോടി അധികവരുമാനം
text_fieldsതിരുവനന്തപുരം: ലിറ്ററിന് ഒരു പൈസ നിരക്കിൽ വെള്ളക്കരം വർധന നടപ്പാകുന്നതോടെ ജല അതോറിറ്റിക്ക് പ്രതിമാസം ലഭിക്കുക 30 കോടിയുടെ അധിക വരുമാനം. എന്നാൽ, പ്രതിമാസം 41.5 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ച് 30 കോടിയുടെ വരുമാനം ചെറിയ ആശ്വാസമാകുമെന്നല്ലാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ. മാസം 30 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് അതോറിറ്റി നൽകുന്നത്.
ജല ജീവൻ മിഷൻ പദ്ധതി വഴിയുള്ള കണക്ഷനുകൾ വർധിക്കുന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചു കിട്ടിയ സാഹചര്യത്തിൽ എത്രയും വേഗം വെള്ളക്കരം വർധന പ്രാബല്യത്തിൽ വരുത്താനുള്ള മുന്നൊരുക്കം ജല അതോറിറ്റി തുടങ്ങിക്കഴിഞ്ഞു. മാർച്ചിലെ ബിൽ മുതൽ വർധിപ്പിച്ച നിരക്ക് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്ലാബിലെയും നിരക്ക് വർധന വ്യവസ്ഥ ചെയ്തുള്ള സർക്കാർ ഉത്തരവാണ് ഇനി വേണ്ടത്. മന്ത്രിസഭയുടെ അനുമതിയോടെയാണ് ഉത്തരവിറങ്ങുക.
2014ൽ നിരക്ക് വർധിപ്പിച്ചപ്പോൾ 10,000 മുതൽ 50,000 വരെ ഉപഭോഗമുള്ള വിവിധ സ്ലാബുകളിൽ ഓരോ യൂനിറ്റിനും അഞ്ചു മുതൽ 14 രൂപ വരെയാണ് വർധിപ്പിച്ചിരുന്നത്. പുതിയ ഉത്തരവിൽ ഇത് എത്രയെന്നത് അനുസരിച്ചാണ് വർധനയുടെ ആഘാതം വ്യക്തമാവുക. പ്രതിമാസം 10,000 മുതൽ 15,000 ലിറ്റർ വരെയാണ് സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ഉപഭോഗം. 75 ശതമാനം ഉപഭോക്താക്കളും 15,000 ലിറ്റർ വരെയുള്ള സ്ലാബിൽ ഉൾപ്പെടുന്നവരാണ്.
കേന്ദ്രത്തിന്റെ നിർദേശപ്രകാരം 2021 മുതൽ വെള്ളക്കരത്തിൽ പ്രതിവർഷം അഞ്ചു ശതമാനത്തിന്റെ വർധന വരുത്തുന്നുണ്ട്. അതേസമയം, സർക്കാർ വകുപ്പുകൾ വരുത്തിയ കുടിശ്ശിക പിരിച്ചെടുക്കാൻ ഇനിയും ഊർജിത നടപടികൾ തുടങ്ങിയിട്ടില്ല. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ 1287 കോടിയാണ് അതോറിറ്റിക്ക് നൽകാനുള്ളത്. തദ്ദേശ വകുപ്പ് മാത്രം 964.84 കോടി നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.