ജലപീരങ്കി ഉന്നംതെറ്റി പതിച്ചത് ലോട്ടറി വിൽപനക്കാരിയുടെ ദേഹത്ത്; തലക്ക് പരിക്ക്
text_fieldsകോട്ടയം: യുവമോർച്ച മാർച്ച് നേരിടാൻ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം ഉന്നംപിഴച്ചു. ജലപീരങ്കിയിൽ നിന്ന് ശക്തിയിൽ പ്രവഹിച്ച വെള്ളം ദേഹത്ത് പതിച്ച് ലോട്ടറി വിൽപ്പനക്കാരി തെറിച്ചുവീണു. കോട്ടയം കാരാപ്പുഴ ജയനിവാസില്‍ ശിവമണിയുടെ ഭാര്യ വള്ളിയമ്മാള്‍ക്ക് (50) ആണ് പരിക്കേറ്റത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി കലക്ടറേറ്റ് കവാടത്തിന് മുന്നിലെത്തിയതോടെ എതിർവശത്തെ കെട്ടിടത്തിന്‍റെ സമീപത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറിനിൽക്കുകയായിരുന്നു വള്ളിയമ്മാള്‍. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് വാഹനത്തിൽ നിന്ന് ജലപീരങ്കി പ്രയോഗിച്ചതോടെ നോസിൽ തെന്നിമാറി ഇവരുടെ ശരീരത്തിൽ വെള്ളം പതിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ വള്ളിയമ്മാളിന്‍റെ തലക്ക് പിന്നിൽ പരിക്കുണ്ട്. ഉടൻതന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ച വള്ളിയമ്മാളിനെ പ്രാഥമിക പരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജലപീരങ്കിയിൽ ഉപയോഗിക്കുന്നത് 360 ഡിഗ്രിയിൽ ചലിപ്പിക്കാവുന്ന നോസിലാണ്. ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ഇത്തരത്തിൽ തകരാർ സംഭവിക്കാറുണ്ടെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.