തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത കാവലിൽ; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു
text_fieldsതൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ കനത്ത സുരക്ഷ. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് വൻ സുരക്ഷയൊരുക്കിയത്.
അതിനിടെ, രാമനിലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാമനിലയത്തിന് സമീപം സാഹിത്യ അക്കാദമിക്ക് മുന്നിൽ കറുത്ത ഷർട്ട് ധരിച്ച് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ബാരിക്കേഡ് ഇളക്കാനും മറിച്ചിടാനും ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും പലതവണയായി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചെങ്കിലും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ മാറി.
ശനിയാഴ്ച കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. പലയിടത്തും കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. കറുത്ത മാസ്ക് നീക്കാൻ പൊലീസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
ഞായറാഴ്ച മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം മുന്നിൽകണ്ട് പൊലീസ് മുമ്പെങ്ങുമില്ലാത്തവിധം കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.