ജല സംരക്ഷണം; വയനാട്ടിൽ മാപ്പിങ് പൂര്‍ത്തിയായി
text_fieldsകൽപറ്റ: ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മാപ്പിങ് പൂര്‍ത്തിയായി. 1271 നീര്‍ച്ചാലുകളാണ് മാപ്പത്തണില് കണ്ടെത്തി അടയാളപ്പെടുത്തിയത്. കബനിക്കായി വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിനുകളിലൂടെയാണ് നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തിയത്. പരിശീലനം ലഭിച്ച നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സന്മാരുടെയും ഇന്റേണ്‍സിന്റെയും നേതൃത്വത്തിലാണ് 26 തദ്ദേശ സ്ഥാപനങ്ങളിലെയും മാപ്പിങ് പൂര്‍ത്തീകരിച്ചത്.
ആദ്യഘട്ടത്തില്‍ വൈത്തിരി, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, എടവക, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, മാനന്തവാടി നഗരസഭ, പുല്പള്ളി, മുള്ളന്‍കൊല്ലി, പനമരം, തവിഞ്ഞാല്‍ എന്നീ 15 തദ്ദേശ സ്ഥാപനങ്ങളില്‍ മാപ്പത്തണ്‍ പൂര്‍ത്തീകരിച്ചിരുന്നു.
തുടര്‍ന്ന് സംസ്ഥാനതലത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഒമ്പത് ജില്ലകളില്‍ നടത്തുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന കാമ്പയിനില്‍ ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരുന്നു. മാപ്പത്തണിന്റെ രണ്ടാം ഘട്ടത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തില്‍ മാപ്പത്തണ്‍ അവതരണം നടത്തും. വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളില്‍ അവതരണം പൂര്‍ത്തിയായി.
1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി
ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലായി 1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി. വൈത്തിരി 47, പൊഴുതന 35, കോട്ടത്തറ 37, വെങ്ങപ്പള്ളി 26, തരിയോട് 31, പടിഞ്ഞാറത്തറ 50, പനമരം 66, വെള്ളമുണ്ട 85, എടവക 62, മാനന്തവാടി നഗരസഭ 80, തിരുനെല്ലി 30, പുല്പള്ളി 58, തവിഞ്ഞാല്‍ 80, നെന്മേനി 60, മീനങ്ങാടി 60, തൊണ്ടര്‍നാട് 46, പൂതാടി 56, നൂല്‍പ്പുഴ 40, അമ്പലവയല്‍ 40, കണിയാമ്പറ്റ 37, കല്പറ്റ നഗരസഭ 23, മുട്ടില്‍ 31, സുൽത്താൻ ബത്തേരി നഗരസഭ 31, മുള്ളന്‍കൊല്ലി 49, മൂപ്പൈനാട്, മേപ്പാടി 65 നീര്‍ച്ചാലുകളാണ് മാപ്പത്തണിലൂടെ അടയാളപ്പെടുത്തിയത്.
സംരക്ഷിക്കും
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ വകുപ്പുകള്‍, എന്നിവയുടെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തിയ നീര്‍ച്ചാലുകളുടെ തുടര്‍ സംരക്ഷണം ഉറപ്പുവരുത്തുകയാണ് കാമ്പയിനുകളുടെ പ്രധാന ലക്ഷ്യം. മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.