ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു; ബാണാസുര, മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
text_fieldsകൽപറ്റ: മഴ കനത്തുപെയ്തതോടെ വയനാട്ടിൽ വ്യാപക നാശം. ചൊവ്വാഴ്ച തുടങ്ങിയ നിലക്കാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ടു. ബാണാസുര സാഗർ അണക്കെട്ടിലെ നാല് ഷട്ടറുകൾ തുറന്നതോടെ സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
മണ്ണിടിഞ്ഞ് വൈത്തിരിക്ക് സമീപം ദേശീയപാതയിലും മാനന്തവാടി^കുറ്റ്യാടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തരിയോട് എട്ടാം മൈലിൽ ഉരുൾപൊട്ടി റോഡിലേക്ക് മണ്ണൊഴുകിയെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ലക്കിടി അറമലയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിയ ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി. പുഴകളും തോടുകളും കരകവിഞ്ഞും മണ്ണിടിഞ്ഞും വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകൾ തകർന്നു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് വയനാട് പ്രളയദുരിതങ്ങളിൽ മുങ്ങുന്നത്. ക്വാറികളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ ശരാശരി 153.34 മില്ലി മീറ്റർ മഴയാണ് പെയ്തത്. സമീപകാലത്ത് ഇത്ര കനത്ത പെയ്യുന്നത് ഇതാദ്യമാണ്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എട്ടു ക്യാമ്പുകളിലായി 1,183 പേർ കഴിയുന്നു. പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ കലക്ടർ നിർദേശം നൽകി. വയലുകളും കൃഷിയിടങ്ങളും വീണ്ടും വെള്ളത്തിലായത് കാർഷിക മേഖലക്ക് കനത്ത ആഘാതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.