ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 60 ശതമാനത്തിലേക്ക്; മുൻ വർഷം 74 ശതമാനം
text_fieldsമൂലമറ്റം: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് 60 ശതമാനത്തിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 58.74 ശതമാനത്തിലാണ് ജലനിരപ്പ്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം ജലം കുറവാണ്. കഴിഞ്ഞ വർഷം ഇതേസമയം 74 ശതമാനം ജലം അവശേഷിച്ചിരുന്നു.
വർഷകാല മഴയിലുണ്ടായ ഗണ്യമായ കുറവാണ് ഇത്തവണ ജലനിരപ്പ് കുറയാൻ കാരണം. ശേഷം വന്ന തുലാവർഷമഴയിലാണ് ജലനിരപ്പ് ഉയർന്നുതുടങ്ങിയത്.
തിങ്കളാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 33 മി.മീ. മഴ ലഭിച്ചു. കൂടാതെ 6.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തുകയും ചെയ്തു. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ വരുംദിവസങ്ങളിലും ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് പുറംതള്ളുന്ന ജലവും ഇടുക്കി അണക്കെട്ടിലേക്ക് എത്തും.
അണക്കെട്ടിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് എത്തിയാൽ മാത്രമാണ് വരുന്ന വേനലിൽ പ്രതിസന്ധിയില്ലാതെ കടന്നുകൂടാൻ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം പുറംസംസ്ഥാനങ്ങളിൽനിന്ന് അമിത വിലക്ക് വൈദ്യുതി വാങ്ങേണ്ടിവരും. ഈ ഭാരം ജനങ്ങൾ ചുമക്കേണ്ടതായും വന്നേക്കും. വൈദ്യുതി വകുപ്പിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇടുക്കി ജലാശയമാണ്.
സാധാരണ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം നിലയത്തിൽ ഉൽപാദിപ്പിക്കുന്നതാണ്. 8.85 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഞായറാഴ്ച സംസ്ഥാനത്ത് ആകെ ഉൽപാദിപ്പിച്ചത്.
എന്നാൽ, മൂലമറ്റം നിലയത്തിൽ 0.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഞായറാഴ്ച ഉൽപാദിപ്പിച്ചത്. 66.60 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറംസംസ്ഥാനങ്ങളിൽനിന്ന് വിലക്ക് വാങ്ങി.
സംസ്ഥാനത്തെ ഞായറാഴ്ചയിലെ മൊത്തം വൈദ്യുതി ഉപഭോഗം 75.46 ദശലക്ഷം യൂനിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.