വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ജലം ഒഴുക്കുന്നത് നിർത്തി
text_fieldsകുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മുല്ലപ്പെരിയാറിൽനിന്ന് ജലം എടുക്കുന്നത് തമിഴ്നാട് നിർത്തിവെച്ചു. വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.25 അടിയായതോടെയാണ് തീരവാസികൾ ജാഗ്രത പാലിക്കാൻ ശനിയാഴ്ച രാവിലെ അധികൃതർ മൂന്നാംവട്ട അപായ മുന്നറിയിപ്പ് നൽകിയത്.
71 അടിയാണ് വൈഗയുടെ സംഭരണശേഷി. മുല്ലപ്പെരിയാർ ജലത്തിനുപുറമേ തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയുമാണ് വൈഗ നിറച്ചത്. വൈഗയിൽ ജലം നിറഞ്ഞതോടെ മുല്ലപ്പെരിയാറിൽനിന്ന് ജലം കൊണ്ടു പോകുന്നത് തമിഴ്നാട് താൽക്കാലികമായി നിർത്തിവെച്ചു. സെക്കൻഡിൽ 767 ഘനഅടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്നത്. ഈ ജലം ഉപയോഗിച്ച് രണ്ട് ജനറേറ്ററുകളിൽനിന്ന് 69 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. ജലം ഒഴുക്കുന്നത് നിർത്തിവെച്ചതോടെ വൈദ്യുതി ഉൽപാദനവും നിലച്ചു.
ഇതിനിടെ, കഴിഞ്ഞ അഞ്ച് ദിവസങ്ങൾ കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121ൽ നിന്നും 130 അടിയായി ഉയർന്നു. സെക്കൻഡിൽ 3961 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് ജലം എടുക്കുന്നത് നിർത്തിയതോടെ ജലനിരപ്പ് വർധിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.