മഴ മുറുകി, ജാഗ്രത കൂട്ടി; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ മഴ വീണ്ടും കനത്തതോടെ ജാഗ്രത നിർദേശം. ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ശരാശരി ലഭിച്ചത് 41.82 മി.മീറ്റർ മഴയാണ്. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് - 60.6 മി.മീ. ഇടുക്കി -56.4, തൊടുപുഴ -35.4, ഉടുമ്പൻചോല -12.4, പീരുമേട് -44 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടുണ്ട്.
അണക്കെട്ടിലെ ഒരു ഷട്ടർ 15 സെ.മീ. ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് തുറന്നത്. ചൊവ്വാഴ്ച മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ഷട്ടർ താഴ്ത്തിയിട്ടില്ല. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. ഹൈറേഞ്ച് മേഖലയിൽ മഴക്കൊപ്പം കാറ്റും ശക്തമായിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2327.32 അടി
ചെറുതോണി: ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. 2327.32 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലസംഭരണിയിലേക്ക് കൂടുതൽ ജലമെത്തിക്കുന്ന അഞ്ച് ഡൈവേർഷൻ പദ്ധതികളും കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ സജീവമായി. ഇതിനു പുറമെ കല്ലാർ, ഇരട്ടയാർ ടണലുകളും നിറഞ്ഞുകവിഞ്ഞ് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളമൊഴുക്ക് തുടരുന്നതിനാൽ വരുംദിവസങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പ് പടിപടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്.
ജില്ലയിലെ ചെറുകിട വൈദ്യുതി നിലയങ്ങളുടെ ജലസംഭരണികളെല്ലാം പൂർണ സംഭരണശേഷിയിലെത്തിയതിനാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കരുതൽ സംഭരണിയായ ഇടുക്കി ഡാമിലെ ഉൽപാദനം വൈദ്യുതി വകുപ്പ് പരമാവധി കുറച്ചേക്കും.ഒരാഴ്ച നല്ല മഴ ലഭിച്ചതോടെ വടക്കേപ്പുഴ വഴിക്കടവ്, അഴുത, മൂടാർ, നാരകക്കാനം ഡൈവേർഷൻ പദ്ധതികളിൽനിന്നെല്ലാം നീരൊഴുക്ക് കൂടിയതാണ് അണക്കെട്ടിന്റെ ജലനിരപ്പുയർത്തിയത്.
ഇപ്പോൾ കല്ലാർ, ഇരട്ടയാർ ടണലുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം പ്രതിദിനം എത്തിത്തുടങ്ങി. കുളമാവ് അണക്കെട്ടിനു പുറത്ത് വടക്കേപ്പുഴയിൽ നിന്നൊഴുകി എത്തുന്ന വെള്ളം ചെക്കുഡാം കെട്ടി സംഭരിച്ചു നിർത്തി പമ്പ് ചെയ്തു അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നതും ഡാമിനെ ജലസമൃദ്ധമാക്കി. വാഗമൺ വഴിക്കടവിൽ തീർത്തിരിക്കുന്ന ചെക്കുഡാം നിറഞ്ഞതോടെ അവിടെ നിന്നുള്ള വെള്ളവും ഇടുക്കി ജലാശയത്തിലേക്കു ഒഴുകിയെത്തി തുടങ്ങി.
നാരകക്കാനത്തു തീർത്തിരിക്കുന്ന ചെക്കുഡാമും നിറഞ്ഞുകഴിഞ്ഞു. ഈ വെള്ളം ഇടുക്കി ജലാശയത്തിന്റെ കല്യാണത്തണ്ട് ഭാഗത്തേക്കു തിരിച്ചുവിട്ടുതുടങ്ങി. പീരുമേട്ടിലെ അഴുതയിലും മൂടാറിലും നീരൊഴുക്കു വർധിച്ചു. ഡാമിലേക്ക് പതിവിലും കൂടുതൽ വെള്ളമെത്തി. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ പീരുമേട്ടിലും വാഗമണ്ണിലും അയ്യപ്പൻകോവിലിലും ഞായർ മുതൽ ചൊവ്വവരെ നല്ല മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.