മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; തമിഴ്നാട് വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചു
text_fieldsകുമളി (ഇടുക്കി): മഴയും കാറ്റും ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128ൽ നിന്നും 130 അടിയായി ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകാതെ അതിർത്തിയിലെ പവർ ഹൗസ് തുറന്ന് തമിഴ്നാട് വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചു.
പതിവായി എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാമ്പിലെ പെരിയാർ പവർ ഹൗസ് അറ്റകുറ്റപ്പണികൾ, പെയിൻറിംഗ് ജോലികൾ പൂർത്തിയാക്കി ജൂൺ പകുതിയോടെയാണ് തുറക്കുക. ഈ സമയത്ത് മുല്ലപ്പെരിയാറിൽനിന്നും കുടിവെള്ള ആവശ്യത്തിന് മാത്രമാണ് ജലം എടുക്കുക.
അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന ഘട്ടത്തിൽ പവർ ഹൗസ് തുറക്കുന്നത് ആഗസ്റ്റ് വരെ നീണ്ട സന്ദർഭവും മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇക്കുറി ന്യൂനമർദം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെയാണ് അറ്റകുറ്റപ്പണി അടിയന്തിരമായി നിർത്തിവെച്ച് മുല്ലപ്പെരിയാറിൽനിന്നും ജലം എടുക്കൽ പുനരാരംഭിച്ചത്.
മഴയെ തുടർന്ന് അണക്കെട്ടിലേക്ക് സെക്കൻഡിൽ 2478 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് വൈദ്യുതി ഉൽപ്പാദനത്തിനായി സെക്കൻറിൽ 900 ഘന അടി ജലമാണ് ഒഴുക്കുന്നത്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
പെരിയാർ വനമേഖലയിൽ 53.8ഉം തേക്കടിയിൽ 55 മില്ലീമീറ്റർ മഴയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ജലം ഇടുക്കിയിലേക്ക് തുറന്നുവിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നേരത്തെ തന്നെ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടതെന്നാണ് വിവരം. വൈഗ അണക്കെട്ട് ഉൾപ്പെടുന്ന തേനി ജില്ലയിലും രണ്ട് ദിവസമായി മഴ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.