ജലത്തിന്റെ ഗുണനിലവാര പരിശോധന: കുടുംബശ്രീ സ്വയം സഹായക സംഘാംഗങ്ങൾക്ക് അമൃത് മിഷൻ പരിശീലനം നൽകി
text_fieldsതിരുവനന്തപുരം: ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കുടുംബശ്രീ സ്വയംസഹായ സംഘാംഗങ്ങളെ പ്രാപ്തരാക്കുന്നതിന് അമൃത് മിഷൻ വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആഗസ്റ്റ് 29, 30 ദിവസങ്ങളിലായി തിരുവനന്തപുരം എസ്.പി. ഗ്രാന്റിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് നിർവഹിച്ചു. അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി മുഖ്യപ്രഭാഷണം നടത്തി.
നഗരപ്രദേശങ്ങളിൽ ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് ഗൗരവതരമായ കാര്യമാണ്. വളരെ വേഗത്തിൽ നഗരവത്കരണത്തിന് വിധേയമാകുന്ന കേരളം പോലുള്ള സംസ്ഥാനത്ത് നിലവിലെ സംവിധാനങ്ങൾ കൊണ്ടുമാത്രം ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുക വളരെ ശ്രമകരമാണ്. ഇക്കാര്യത്തിന് സാമുഹ്യാധിഷ്ഠതമായ മേൽനോട്ടം കൂടുതൽ അനുയോജ്യമാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമൃത് മിഷൻ സ്വയം സഹായക സംഘാംഗങ്ങൾക്ക് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിന് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
ജലത്തിന്റെ ഗുണനിലവാരത്തിന്റെ ആവശ്യകത, ജലം പരിശോധന നടത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, സങ്കേതങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകി കാര്യശേഷി വിപുലീകരിക്കുക, പ്രായോഗിക വൈദഗ്ദ്ധ്യം വികസിപ്പിക്കുക, ശുദ്ധജല ലഭ്യതയ്ക്കായി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക, സുസ്ഥിരമായ ജല പരിപാലനം നടപ്പിൽ വരുത്തുക എന്നിവയാണ് പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. ഇതിലൂടെ ജലത്തിന്റെ ഗുണനിലവാരം നിർണയിക്കാനും, ഗുണനിലവാര നിർണയ ഘടകങ്ങൾ മനസിലാക്കാനും തദ്ദേശീയമായി ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിനും സംഘാംഗങ്ങൾ പ്രാപ്തരാകും.
ഡോ. സണ്ണി ജോർജ്, അഖിലേഷ്, ശ്രീധർ, ഡോ. രതീഷ് മേനോൻ, സതി കുമാരി പി. തുടങ്ങിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.