കുടിവെള്ളം മുട്ടി ആലപ്പുഴ
text_fieldsആലപ്പുഴ: ആലപ്പുഴയിലെ വിവിധയിടങ്ങളിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷം. പള്ളാത്തുരുത്തിയിൽ ശുദ്ധജലം കിട്ടാതായിട്ട് ഒരുമാസം. 80ലധികം കുടുംബങ്ങൾ ദുരിതത്തിൽ. വാർഡ് കൗൺസിലർ ബീന രമേശിന്റെ നേതൃത്വത്തിൽ നാട്ടുകാർ വഴിച്ചേരിയിലെ ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ പ്രതിഷേധമുയർത്തി. ചൊവ്വാഴ്ച വൈകീട്ട് കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികളായ വിനോദ്, സജി, ഷിജു എന്നിവരും സമരത്തിൽ പങ്കാളികളായി. ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് മുന്നിലും പരാതിയുടെ കെട്ടഴിച്ചാണ് ഇവർ മടങ്ങിയത്.
ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പള്ളാത്തുരുത്തി തെക്കും ഭാഗത്തും പാടത്തിന് നടുവിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. പ്രദേശത്ത് കുഴൽക്കിണർ ഇല്ലാത്തതിനാൽ പൈപ്പുവെള്ളത്തെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. പലരും ജലം പണംകൊടുത്താണ് വാന്നത്. വാഹനത്തിൽ കുടിവെള്ളം എത്തിക്കാൻ പ്രദേശത്ത് വഴിയില്ലാത്തതും പ്രധാന തടസ്സമാണ്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൂക്കുകുളത്തുനിന്ന് പമ്പിങ് നടത്തിയാണ് പ്രദേശത്ത് ശുദ്ധജലമെത്തുന്നത്. മൂന്നു മോട്ടോറുകൾ കേടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് സമീപത്തുനിന്ന് മണ്ണുമാന്തി കൊണ്ടുപോയതിനാൽ വലിയകുഴിയാണ്. വെള്ളംനിറഞ്ഞ കുഴിയിൽനിന്ന് പണിയെടുക്കുമ്പോൾ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പലരും നന്നാക്കാൻ എത്താത്തത്.
കഴിഞ്ഞയാഴ്ചയും ജല അതോറിറ്റി ഓഫിസിൽ സമാനപരാതി നൽകിയപ്പോൾ മണ്ണുമാന്തി യന്ത്രം ഇല്ലാത്തതാണ് പ്രശ്നമെന്ന് പറഞ്ഞിരുന്നു. കൗൺസിലർ ഇടപെട്ട് നഗരസഭയിൽനിന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ചെങ്കിലും നന്നാക്കൽ നടന്നില്ല. അമൃത് പദ്ധതിയിലൂടെ വെള്ളം നൽകിയാൽ പ്രശ്നം പരിഹരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. എസ്.ഡി കോളജിന് സമീപത്തെ അമൃത് പദ്ധതി കണക്ഷനിലെ വെള്ളം വഴിതിരിച്ചുവിട്ട് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ആഴ്ചയിൽ രണ്ടുദിവസം മാത്രം കുടിവെള്ളം കിട്ടുന്ന പ്രദേശങ്ങളും നഗരത്തിലുണ്ട്. കളർകോട്, കൈതവ, കാളാത്ത്, തോണ്ടൻകുളങ്ങര പ്രദേശങ്ങളിലും സമാന പരാതിയുണ്ട്. കുടിവെള്ളത്തിനായി ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. നഗരത്തിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കലാണ് ജല അതോറിറ്റി ലൈനുകൾ പൊട്ടാൻ കാരണമാകുന്നത്. തകരാറുകൾ പരിഹരിക്കാൻ ദിവസങ്ങളോളം വേണ്ടിവരും. ഇത് സ്ഥിതികൂടുതൽ രൂക്ഷമാക്കിയെന്നാണ് നഗരവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.