‘മരണക്കിടക്കയിൽ കിടക്കുന്ന ആൾക്ക് കൊടുക്കാനുള്ള വെള്ളത്തിനും കത്ത് നൽകേണ്ടി വരുമോ?’; മന്ത്രി റോഷി അഗസ്റ്റിനോട് എം. വിൻസന്‍റ്
text_fieldsതിരുവനന്തപുരം: വെള്ളക്കരം വർധന നിയമസഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി. എ.ഡി.ബിയെ സഹായിക്കാനും അവരുടെ നിർദേശാനുസരണവുമാണ് ഈ നിരക്ക് വർധനയെന്ന് പ്രമേയം അവതരിപ്പിച്ച അഡ്വ. എം. വിൻസന്റ് ആരോപിച്ചു. വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി പ്രതിരോധിച്ച മന്ത്രി റോഷി അഗസ്റ്റിൻ അതോറിറ്റിയെ സംരക്ഷിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് പ്രതിപക്ഷത്തിന്‍റെയും പിന്തുണ ആവശ്യപ്പെട്ടു.
ഇത്തരത്തിലൊരു നോട്ടീസ് പ്രതിപക്ഷം കൊണ്ടുവന്നത് നന്നായെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 4911.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുള്ളത്. ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. 15,000 ലിറ്റർ വെള്ളം ആവശ്യമുള്ള എത്ര കുടുംബങ്ങളുണ്ട്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിദിനം നൂറ് ലിറ്റർ വെള്ളം ആവശ്യമുണ്ടായോയെന്നും അദ്ദേഹം ചോദിച്ചു.
വെള്ളം കുറച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട സമയമായി. മരണക്കിടക്കയിൽ കിടക്കുന്ന ആളുടെ വെള്ളംകുടി സർക്കാർ മുട്ടിച്ചെന്നൊക്കെ പറയുന്നത് ഭൂഷണമല്ല. വെള്ളം കൊടുക്കുന്നതിൽ പിശുക്ക് കാണിക്കില്ല. 37,95,000 കണക്ഷനുകൾകൂടി കൊടുക്കാനുണ്ട്. എ.ഡി.ബി സംബന്ധിച്ച് ആശങ്ക വേണ്ട. വരുംകാല നിലനിൽപിന് ഈ വർധന അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മരണക്കിടക്കയിൽ കിടക്കുന്ന ആൾക്ക് കൊടുക്കാനുള്ള വെള്ളത്തിനും കത്ത് നൽകേണ്ടി വരുമോയെന്ന് പ്രമേയം അവതരിപ്പിച്ച എം. വിൻസന്റ് ചോദിച്ചു. ആരാച്ചാർക്കുള്ള ദയപോലും സർക്കാറിനില്ല. 70 ലക്ഷം പേർക്ക് ഈ ചാർജ് വർധന ബാധകമാകും. അടച്ചിട്ട വീടിന് നികുതി ഏർപ്പെടുത്തിയപോലെ കിട്ടാത്ത വെള്ളത്തിന് നികുതി അടക്കേണ്ടിവരും. എ.ഡി.ബിയെ കരിഓയിൽ ഒഴിച്ച എൽ.ഡി.എഫാണ് ഇപ്പോൾ എ.ഡി.ബിക്കുവേണ്ടി കരം കൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി ഈടാക്കുന്നത് സർക്കാറിന്‍റെ അവകാശമാണെന്നും പക്ഷേ, അത് ഈടാക്കുന്നത് മനുഷ്യന്റെ അവസ്ഥ പരിഗണിച്ചാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അടിയന്തരപ്രമേയം ചെയർ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.