വെള്ളക്കര കുടിശ്ശിക പെരുകുന്നു; ജല അതോറിറ്റി നഷ്ടം 1417.61 കോടി
text_fieldsമലപ്പുറം: സർക്കാർ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും പണമടക്കാത്തതിനാൽ ജല അതോറിറ്റിയുടെ വെള്ളക്കര കുടിശ്ശിക വീണ്ടും കുതിച്ചുയരുന്നു. 2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം പിരിഞ്ഞുകിട്ടാനുള്ളത് 1352.35 കോടി രൂപ. ഇതിൽ ഏറ്റവും ഉയർന്ന കുടിശ്ശിക തദ്ദേശഭരണ സ്ഥാപനങ്ങളുടേതാണ്. പൊതു ടാപ്പുകളിലെ ജല വിനിയോഗത്തിലൂടെ കോർപറേഷനും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും നൽകാനുള്ളത് 815.52 കോടി രൂപ. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് 106.67 കോടിയും അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് 8.51 കോടിയും ജലനിധി, ടാങ്കർ ലോറി തുടങ്ങിയ സ്പെഷൽ കണക്ഷനുകളുമായി ബന്ധപ്പെട്ട് 63.73 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്.
2021 -22ൽ ജല അതോറിറ്റിയുടെ കുടിശ്ശിക 2111.59 കോടി രൂപയായിരുന്നു. അദാലത്തുകൾ വഴി തൊട്ടടുത്ത വർഷം 916.64 കോടി പിരിച്ചെടുത്തു. ഇതിലധികവും ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കളുടേതായിരുന്നു. 2022 -23ൽ കുടിശ്ശിക ഭാരം 1194.95 കോടിയിലേക്ക് താഴ്ന്നെങ്കിലും തുടർന്നുള്ള നാലു മാസങ്ങളിൽ കുടിശ്ശിക വീണ്ടും കൂടി. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം കുടിശ്ശികയിനത്തതിൽ ഒറ്റയടിക്ക് 157.4 കോടിയുടെ വർധനയാണ് ഉണ്ടായത്.
കുടിശ്ശിക തീർക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് അധികൃതർ പറയുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പ്ലാൻഫണ്ടിൽ തുക വെച്ച് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ചുരുക്കം ചില തദ്ദേശഭരണ സ്ഥാപനങ്ങളാണ് അനുകൂലമായി പ്രതികരിച്ചത്. നിലവിൽ ഗാർഹിക കണക്ഷൻ -256.28 കോടി, ഗാർഹികേതര കണക്ഷൻ -96.17 കോടി, വ്യവസായ കണക്ഷൻ -5.47 കോടി എന്നിങ്ങനെയാണ് പിരിഞ്ഞുകിട്ടാനുള്ളത്. 2022 -23ലെ വാർഷിക റിപ്പോർട്ട് പ്രകാരം ജല അതോറിറ്റിയുടെ ആകെ ചെലവ് 2273.43 കോടി രൂപയാണ്. ആകെ വരുമാനം 1417.61 കോടിയും.
വിതരണം ചെയ്യുന്ന ജലത്തിന്റെ 40 ശതമാനം വരുമാനരഹിത ജലമെന്ന് ജല വകുപ്പ് പറയുന്നു. ഇതിൽ പൈപ്പുകളിലൂടെയും മറ്റും ഉള്ള ചോർച്ച കാരണം ഉണ്ടാകുന്ന ഭൗതിക നഷ്ടവും മീറ്റർ തകരാർ, മോഷണം തുടങ്ങിയ കാരണങ്ങൾകൊണ്ട് ജലത്തിന്റെ ശരിയായ ഉപയോഗം തിട്ടപ്പെടുത്താൻ കഴിയാത്തതുമൂലമുള്ള വാണിജ്യ നഷ്ടവും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.