വെള്ളക്കരം വർധന; മുന്നൊരുക്കമായി, ഉത്തരവ് കാത്ത് അതോറിറ്റി
text_fieldsതിരുവനന്തപുരം: വെള്ളക്കരം വർധന നടപ്പാക്കാനുള്ള മുന്നൊരുക്കവുമായി ജല അതോറിറ്റി. വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് കിട്ടിയ സാഹചര്യത്തിൽ എത്രയുംവേഗം വർധന പ്രാബല്യത്തിൽ വരുത്താനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്.
മാർച്ചിലെ ബിൽ മുതൽ പുതിയ നിരക്ക് ഈടാക്കണമെന്ന നിലയിലാണ് നടപടികൾ. അതിനായി സ്ലാബ് അടക്കം മന്ത്രിസഭ യോഗം അംഗീകരിച്ച് ഉത്തരവിറങ്ങണം. ബുധനാഴ്ചയിലെ മന്ത്രി സഭാ യോഗത്തിലും വിഷയം പരിഗണിച്ചിട്ടില്ല. 2014ൽ നിരക്ക് വർധിപ്പിച്ചപ്പോൾ 10,000 മുതൽ 50,000 വരെ ഉപഭോഗമുള്ള വിവിധ സ്ലാബുകളിൽ ഓരോ യൂനിറ്റിനും അഞ്ചു മുതൽ 14 രൂപ വരെയാണ് വർധിപ്പിച്ചത്.
പുതിയ ഉത്തരവിൽ ഇത് എത്രയെന്നത് അനുസരിച്ചാണ് വർധനയുടെ ആഘാതം വ്യക്തമാവുക. പ്രതിമാസം 10,000 മുതൽ 15,000 ലിറ്റർ വരെയാണ് സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ഉപഭോഗം. 75 ശതമാനം ഉപഭോക്താക്കളും 15,000 ലിറ്റർ വരെയുള്ള സ്ലാബിൽ ഉൾപ്പെടുന്നവരാണെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.
കേന്ദ്രനിർദേശപ്രകാരം 2021 മുതൽ വെള്ളക്കരത്തിൽ പ്രതിവർഷം അഞ്ച് ശതമാനത്തിന്റെ വർധന വരുത്തുന്നുണ്ട്. അവശ്യസാധന വിലവർധനയും വൈദ്യുതി - യാത്രാ നിരക്കുകൾ വർധിച്ചതിന് പിന്നാലെ വെള്ളക്കരവും കൂടുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഇരട്ടപ്രഹരമാകും. ലിറ്ററിന് ഒരു പൈസയാണ് കൂട്ടുന്നതെന്നാണ് സർക്കാറിന്റെ വാദമെങ്കിലും 150 ശതമാനത്തിന്റെ വർധനയാണ് ഫലത്തിൽ ഉണ്ടാകുന്നത്.
ഉപഭോക്താക്കൾക്ക് അധികഭാരം ഏൽപിച്ച് സ്വീവേജ് കണക്ഷനുകളുടെ നിരക്കുകൾ ജലഅതോറിട്ടി കുത്തനെ ഉയർത്തിയത് കഴിഞ്ഞ നവംബറിലാണ്. 1000 മുതൽ 1500 രൂപ വരെയായിരുന്നു വർധന.
നേരത്തേ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സ്വീവേജ് ലൈനിടുന്നതിനുള്ള ചെലവിന്റെ 10 ശതമാനമോ അല്ലെങ്കിൽ നിശ്ചിത തുകയോ (ഏതാണോ കൂടിയത്) അതാണ് ജല അതോറിറ്റിയിൽ കണക്ഷൻ ചാർജായി നൽകേണ്ടിയിരുന്നത്. എന്നാൽ, പുതുക്കിയുള്ള ഉത്തരവ് പ്രകാരം ശതമാന കണക്കിന് പകരം കൃത്യം തുക നിജപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.