വെള്ളക്കരം: കണക്ക് ലിറ്ററിൽ, കയ്പ് ക്വിന്റലിൽ
text_fieldsതിരുവനന്തപുരം: വെള്ളക്കരം വർധിപ്പിക്കുന്നത് ലിറ്ററിന് ഒരു പൈസയെന്ന് കരുതി നിസ്സാരവത്കരിക്കാൻ വരട്ടെ, കണക്ക് കൂട്ടിയെത്തുമ്പോൾ നിരക്കിലെ വർധന 150 ശതമാനം വരെയാണ്. സംസ്ഥാനത്ത് ആദ്യമായാണ് വെള്ളക്കരത്തിൽ ഇത്രയും വലിയ വർധനയുണ്ടാകുന്നത്. സാധാരണ വെള്ളത്തിന്റെ ഉൽപാദന-വിതരണ കാര്യങ്ങൾക്കെല്ലാം ജലഅതോറിറ്റി ഉപയോഗിക്കുന്നത് ‘യൂനിറ്റ്’ (1000 ലിറ്റർ) അടിസ്ഥാനപ്പെടുത്തിയ കണക്കുകളാണ്. അതായത് യൂനിറ്റിന് 10 രൂപ വർധിക്കും. എന്നാൽ പുതിയ വർധനയുടെ വ്യാപ്തിയും ഭാരവും വ്യക്തമാകാതിരിക്കാൻ യൂനിറ്റ് പ്രയോഗം ഒഴിവാക്കി പകരം ലിറ്ററിന് ഒരു പൈസയെന്ന് ലഘൂകരിക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ‘ലിറ്റർ കണക്കിൽ’ വർധന വിശദീകരിച്ചത് മയപ്പെടുത്തലിനാണെന്നാണ് വിമർശനം.
1000 ലിറ്റർ വരുന്ന ഒരു യൂനിറ്റിന് ഏറ്റവും താഴെയുള്ള സ്ലാബിൽ നാല് രൂപ 10 പൈസയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വർധിക്കുന്നതോടെ ഇത് 14.10 രൂപയായി കുതിക്കും. സാധാരണ ഉപഭോക്താവ് പ്രതിമാസം 10,000 മുതൽ 20,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതോടെ ബില്ലിൽ 144 മുതൽ 200 രൂപയുടെ വരെ വർധനയുണ്ടാകും. ഉപഭോഗത്തിന് അനുസരിച്ച് സ്ലാബുകൾ മാറുമെന്നതിനാൽ തുക വീണ്ടും ഉയരും.
2014 ൽ നിരക്ക് വർധിപ്പിച്ചപ്പോൾ അടിസ്ഥാന യൂനിറ്റിന് 4.10 രൂപയാക്കിയതിനൊപ്പം 10,000 മുതൽ 50,000 വരെ വിവിധ സ്ലാബുകളിൽ അധികമായി ഉപയോഗിക്കുന്ന ഓരോ യൂനിറ്റിനും അഞ്ച് മുതൽ 14 രൂപ വരെ കൂട്ടി. പുതിയ തീരുമാനപ്രകാരം അടിസ്ഥാന യൂനിറ്റിന്റെ നിരക്ക് 14.10 ആകുമെന്ന് വ്യക്തമാണെങ്കിലും 10,000 മുതൽ 50,000 വരെയുള്ള വിവിധ സ്ലാബുകളിൽ അധികം ഉപയോഗിക്കുന്ന യൂനിറ്റിന് നൽകേണ്ട തുക സർക്കാർ ഉത്തരവ് ഇറങ്ങിയാലേ അറിയാനാകൂ. തങ്ങളുടെ പിടിപ്പുകേട് മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് നിരത്തിയാണ് നിരക്ക് വർധനയെ അതോറിറ്റി ന്യായീകരിക്കുന്നത്. ഒരു കിലോ ലിറ്റർ വെള്ളം നൽകുമ്പോൾ 23.89 രൂപയാണ് ചെലവ്. എന്നാൽ വരുമാനം 10.50 രൂപ മാത്രമാണെന്ന് കുറേക്കാലമായി മന്ത്രിയടക്കം ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ജൂൈല വരെയുള്ള കണക്കനുസരിച്ച് കുടിശ്ശികയിനത്തിൽ മാത്രം 1878 കോടി കിട്ടാനുണ്ട്.
സർക്കാർ വകുപ്പുകളിൽ നിന്നും വൻകിടക്കാരിൽ നിന്നും കുടിശ്ശിക പിരിക്കുന്നതിൽ താൽപര്യം കാട്ടാത്ത വാട്ടർ അതോറിറ്റി ബാധ്യത മുഴുവൻ ഉപഭോക്താക്കളുടെ ചുമലിലേക്കിടുകയാണെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.