വെള്ളക്കരം: കൂടുതൽ ഉപവിഭാഗങ്ങൾ നിശ്ചയിച്ച് പരിഷ്കരണത്തിന് നീക്കം
text_fieldsതിരുവനന്തപുരം: ഉപഭോക്താക്കളിൽ കൂടുതൽ ഉപവിഭാഗങ്ങൾ നിശ്ചയിച്ച് വെള്ളക്കരത്തിന്റെ താരിഫ് പരിഷ്കരിക്കാനുള്ള സാധ്യത ജല അതോറിറ്റി പരിശോധിക്കുന്നു. ഗാർഹികം, ഗാർഹികേതരം, ഇൻഡസ്ട്രിയൽ, സ്പെഷൽ എന്നിങ്ങനെ നാല് വിഭാഗം കുടിവെള്ള കണക്ഷനുകളാണ് നിലവിലുള്ളത്. ഇതിനുപുറമേ കൂടുതൽ ഉപവിഭാഗങ്ങൾ നിശ്ചയിക്കാനാണ് നീക്കം.
വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്ന ഉപവിഭാഗങ്ങൾ സംബന്ധിച്ച പ്രാഥമിക വിവരങ്ങളും ഏർപ്പെടുത്താവുന്ന താരിഫും സംബന്ധിച്ച് ജല അതോറിറ്റി ഇതിനകം റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. കണക്ഷനുകളുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉപവിഭാഗങ്ങൾ നിശ്ചയിക്കുന്നത് അനിവാര്യമാണെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ.
ഓരോ വിഭാഗത്തിലേയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ താരിഫ് നിശ്ചയിക്കുന്നതിനൊപ്പം സ്ഥാപനത്തിനും ഗുണകരമാവുമെന്നാണ് ഇതിനകം നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജല അതോറിറ്റിയുടെ കഴിഞ്ഞ രണ്ട് ഡയറക്ടർ ബോർഡിലും വിഷയം ചർച്ചക്ക് വന്നിരുന്നു. ഒടുവിൽ ചേർന്ന യോഗം തുടർനടപടികളുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്.
ബില്ലിങ് സോഫ്റ്റ്വെയറിൽ ഒരോ വിഭാഗങ്ങളുടേയും കീഴിൽ ഉപവിഭാഗങ്ങൾ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വിശദമായ വിവരശേഖരണത്തിന് ശേഷമായിരിക്കും തുടർപ്രക്രിയകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.