നെഞ്ചത്തടിക്കുന്ന ശിപാർശ; വർഷം തോറും വെള്ളക്കരം കൂട്ടണം
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കി ഇറക്കിയ ഉത്തരവിൽ ഉപഭോക്താക്കളുടെ നെഞ്ചത്തടിക്കുന്ന പരാമർശങ്ങളും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വെള്ളക്കരം പ്രതിവർഷം വർധിപ്പിക്കണമെന്നാണ് നിർദേശം.
ധനസ്ഥിതി പിടിച്ചുനിർത്താൻ കർശന ഇടപെടലുകളും നടപടികളും വേണമെന്ന ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പരാമർശങ്ങളാണ് അതേപടി ഉത്തരവിലും അടിവരയിട്ടിരിക്കുന്നത്. ജലനിരക്ക് പരിഷ്കരിക്കുന്നതിനുള്ള ജലഅതോറിറ്റിയുടെ നിർദേശം സർക്കാർ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു ശിപാർശ ഉത്തരവിൽ ഇടം പിടിച്ചത്.
ശമ്പള പരിഷ്കരണത്തോടെ പ്രതിമാസം 3.46 കോടി രൂപയാണ് അതോറിറ്റിയുടെ അധികബാധ്യത. ഇത് പറയുന്നില്ലെങ്കിലും ശമ്പളവർധന മൂലമുള്ള അധിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കില്ലെന്നും അതിന് അതോറിറ്റി സ്വന്തം നിലക്ക് മാർഗങ്ങൾ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്.
ജലക്കര ഇനത്തിലെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കൂടുതൽ സംവിധാനങ്ങളും ശ്രമങ്ങളുമുണ്ടാകണമെന്നും വരുമാന രഹിതമായി ചോർന്നുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കണമെന്നും ഉത്തരവിലുണ്ട്. ചെലവിനെക്കാൾ വരുമാനം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകണം. 2012-2013 കാലയളവിൽ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 1702.9 കോടി രൂപയായിരുന്നു. 2019-2020 ൽ ഇത് 3343.76 കോടി രൂപയായി ഉയർന്നു.
സർക്കാർ വകുപ്പുകൾ മാത്രം ജല അതോറിറ്റിക്ക് കുടിശ്ശികയായി നൽകേണ്ടത് 350 കോടി രൂപയാണ്. ഗാർഹിക ഉപഭോക്താക്കളിൽനിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 216 കോടിയും. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ചേർന്ന് 1287 കോടിയാണ് നൽകാനുള്ളത്. തദ്ദേശ വകുപ്പ് മാത്രം 964.84 കോടി നൽകാനുണ്ട്. പ്രതിദിനം ഉൽപാദിക്കുന്ന ജലത്തിന്റെ 40 ശതമാനവും കണക്കിൽപെടാതെ നഷ്ടപ്പെടുകയാണ്. 2950- 3000 ദശലക്ഷം വെള്ളമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 1.57 കോടി രൂപയാണ് ഈ ഇനത്തിലെ പ്രതിദിന നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.