സംസ്ഥാനത്ത് ജലഗതാഗതം ശക്തിപ്പെടുത്തും –മുഖ്യമന്ത്രി
text_fieldsകണ്ണൂർ: വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴീക്കല്‍ തുറമുഖത്തുനിന്നുള്ള ചരക്കുകപ്പല്‍ സര്‍വിസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സാധ്യത തിരിച്ചറിഞ്ഞ് ദേശീയ ജലപാതകളുടെ വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിെൻറ പ്രചാരണത്തിനും ആവശ്യമായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ തുടക്കംകുറിച്ചിരിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയും രാജ്യത്തുതന്നെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ടും ഇതിെൻറ ഭാഗമായാണ് ആരംഭിച്ചത്. അവയില്‍ ഏറ്റവും പ്രധാനമാണ് അഴീക്കലില്‍നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വിസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു തവണ അഴീക്കലില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ സര്‍വിസ് നടത്തും. താമസിയാതെ കൊല്ലം തുറമുഖത്തെ കൂടി ഇതിെൻറ ഭാഗമാക്കും. ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതം.
റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാമെന്നതിലുപരി ഒരു കപ്പലില്‍തന്നെ ഒട്ടേറെ കണ്ടെയിനറുകള്‍ ഒന്നിച്ചുകൊണ്ടുവരാമെന്നതിനാല് വലിയതോതില്‍ ചെലവും കുറക്കാനാവും. അഴീക്കലില്‍നിന്ന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് വഴിയൊരുങ്ങുന്നുവെന്നത് വലിയ നേട്ടമാണെന്നും തുറമുഖം ഇതോടെ നല്ല രീതിയില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.