ജലപാത: കോട്ടപ്പുറം-കോഴിക്കോട് ഭാഗത്ത് കേന്ദ്രാനുമതി ലഭിച്ചാലുടൻ നിർമാണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദേശീയജലപാത മൂന്നിൽ കോട്ടപ്പുറം-കോഴിക്കോട് ഭാഗത്തെ 160 കിലോമീറ്ററിലെ പ്രവൃത്തികൾ സംബന്ധിച്ച വിശദ പദ്ധതിരേഖ (ഡി.പി.ആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി ലഭ്യമാകുന്ന മുറക്ക് നിർമാണപ്രവർത്തനങ്ങളും ആരംഭിക്കാനാകും. കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കിലോമീറ്റർ നിലവിൽ ഗതാഗത യോഗ്യമാക്കിയതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയ ജലപാത മൂന്നിൽ ഉൾപ്പെടാത്ത മറ്റുഭാഗങ്ങള്‍ സംസ്ഥാന ജലപാതയായി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ. കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപക്ക് ഭരണാനുമതി നൽകി. കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടിവരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നൽകി. പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റുകൾ സർക്കാർ നിർമിച്ചുനൽകുകയോ വസ്തു വാങ്ങി വീട് വെക്കാൻ താൽപര്യമുള്ളവർക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.
കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ ജലപാത നിലവാരത്തിലേക്ക് വികസിപ്പിക്കാൻ ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്ത്വത്തിൽ അനുമതി നൽകി.
മാഹി വളപട്ടണം ഭാഗത്ത് 26.5 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും കനാൽ പുതുതായി നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി അനുവദിച്ചു. ജലപാത പൂർത്തിയാകുന്നതോടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാസംവിധാനമൊരുങ്ങുകയും വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ വികസന മാറ്റങ്ങളുണ്ടാവുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.