വാട്സ്ആപ് ഹർത്താൽ: 10 കേന്ദ്രങ്ങളിൽ റെയ്ഡ്
text_fieldsമലപ്പുറം: കശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ വാട്സ്ആപ് ഹർത്താലിെൻറ മുഖ്യ സൂത്രധാരനും കൂട്ടാളികളും പിടിയിലായതിന് പിറകെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് കൊല്ലം, പുനലൂർ, എറണാകുളം, നെയ്യാറ്റിൻകര തുടങ്ങി 10 കേന്ദ്രങ്ങളിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു.
മഞ്ചേരിയിൽ പിടിയിലായ അഞ്ചു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് പൊലീസ് എത്തിയത്. മുഖ്യസൂത്രധാരനായ അമർനാഥ് ബൈജുവിെൻറ കൂടെ വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാരായവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ളവരാണ് ഇവരെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഭവത്തിന് പിന്നിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഗൂഢാലോചന നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രധാന വാട്സ്ആപ് ഗ്രൂപ്പും അതിെൻറ ഉപ ഗ്രൂപ്പുമായി ഒാരോ ജില്ലയിലും ഒാരോ അഡ്മിൻ എന്ന രീതിയിലായിരുന്നു ഇവർ ശൃംഖലയുണ്ടാക്കിയത്. പെൺകുട്ടിയുടെ കൊലപാതകത്തിലുണ്ടായ വൻ പ്രതിഷേധം പ്രകടിപ്പിക്കാനായി ഇവരുടെ ഗ്രൂപ്പിൽ ചേർന്നവരാണ് മഹാഭൂരിപക്ഷവുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. െഎ.ജി ശ്രീജിത്തിെൻറ മേൽനോട്ടത്തിൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം സൈബർ സെൽ, ഹൈടെക് സെൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന 15 അംഗ സംഘമാണ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.