കൺമുന്നിൽ കുഞ്ഞൂഞ്ഞ്, കണ്ണ് നിറഞ്ഞ് മറിയാമ്മ
text_fieldsതിരുവനന്തപുരം: വൈകാരികത നിറഞ്ഞ് അന്തരീക്ഷത്തിലേക്കാണ് മറിയാമ്മ ഉമ്മൻ നടന്നെത്തിയത്. ചിരി നിറഞ്ഞ് തുളുമ്പുന്ന മുഖത്തോടെ ഉമ്മൻചാണ്ടിയുടെ മെഴുകുപ്രതിമയാണ് മുന്നിൽ. മുഖത്ത് നോക്കി അൽപം നേരം നിന്നു. പിന്നെ കയ്യിൽ തൊട്ടു, പിന്നാലെ കവിളിൽ തലോടി.. അപ്പോഴേക്കും മറിയാമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.
‘അപ്പ തനിക്കരികിലെത്തിയെന്ന് പറയുമ്പോഴേക്കും’ മറിയയുടെ വാക്കുകൾ കരച്ചിലായി. കിഴക്കേകോട്ടയിലെ സുനിൽ വാക്സ് മ്യൂസിയത്തിൽ ശിൽപി സുനിൽ തീർത്ത ശിൽപത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഉള്ളുവിങ്ങുന്ന നിമിഷങ്ങൾക്ക് വേദിയായത്. മകൻ ചാണ്ടി ഉമ്മൻ, പേരക്കുട്ടി എഫിനോവ എന്നിവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
14 വർഷം മുമ്പാണ് ശിൽപി സുനിൽ കണ്ടല്ലൂർ പ്രതിമ നിർമിക്കാനുള്ള താൽപര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചത്. ജഗതിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അളവുകൾ എടുത്തു. ആരോഗ്യവാനായ ഉമ്മൻ ചാണ്ടിയുടെ അളവുകളാണ് സുനിൽ ശേഖരിച്ചത്. ഊർജസ്വലനായ ഉമ്മൻ ചാണ്ടി മുന്നിൽ വന്ന് നിൽക്കും പോലെയെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞതിനും കാരണമിതാണ്.
അന്ന് നിർമിച്ച മോഡൽ മുംബൈയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയായിരുന്നു. പ്രായവ്യത്യാസമനുസരിച്ച് പുതിയ മോഡലാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിനായി നിർമിച്ചിരിക്കുന്നത്. ആറുമാസംകൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്. പ്രതിമയെ അണിയിക്കാൻ ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന മുണ്ടും ഷർട്ടും കഴിഞ്ഞ ദിവസം മ്യൂസിയം അധികൃതർ ജഗതിയിലെ വീട്ടിലെത്തി സ്വീകരിച്ചു. ‘കുഞ്ഞ്’ (ഉമ്മൻ ചാണ്ടിയുടെ വിളിപ്പേര് ) ജീവിച്ചിരിക്കെ ഈ പ്രതിമ കാണാൻ കഴിഞ്ഞില്ല എന്നതായിരുന്നു മറിയാമ്മയുടെ സങ്കടം.
ഒരു വർഷമായി ഹൃദയത്തിൽ ജീവിക്കുന്ന ഉമ്മൻ ചാണ്ടി ജീവനോടെ അരികിലെത്തിയ അനുഭവം. നേതാക്കൾ മരിക്കുമ്പോൾ ‘ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നെല്ലാം അണികൾ പറയാറുണ്ട്. ശരിക്കും ഞങ്ങൾ അത് അനുഭവിക്കുകയായിരുന്നു. അവർ കണ്ണീരോടെ ഓർമിച്ചു.
ചാണ്ടി ഉമ്മൻ അധ്യക്ഷനായ ചടങ്ങിൽ മറിയാമ്മ ഉമ്മൻ പ്രതിമ അനാവരണം ചെയ്തു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ. തമ്പാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.