മരിച്ചവരിൽ അമ്മയും മകളും സഹോദരങ്ങളുടെ ഭാര്യമാരും; അപകടം ജീപ്പ് വളവ് തിരിയുമ്പോൾ
text_fieldsമാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ അമ്മയും മകളും സഹോദരങ്ങളുടെ ഭാര്യമാരും. തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു.
കൂളൻതൊടിയിൽ ലീല (60), സഹോദരന്റെ ഭാര്യ കാർത്യായനി (65), ശാന്ത (61) മകൾ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (58) എന്നിവരാണ് മരിച്ചത്. ഉമാദേവി (40), മോഹന സുന്ദരി (42), ജയന്തി (38), ലത (38), ജീപ്പോടിച്ച മണി (44) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ളവരാണ്.
ലതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മാനന്തവാടി-തലശ്ശേരി റോഡിൽ തവിഞ്ഞാൽ 43ാം മൈൽ- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലായിരുന്നു അപകടം. വാളാടിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
വളവും ഇറക്കവുമുള്ള റോഡിൽനിന്ന് നിയന്ത്രണം വിട്ട ജീപ്പ് 25 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും സമീപത്തുള്ളവർ എല്ലാവരേയും സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലുമായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. വടം കെട്ടിയിറങ്ങിയും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മാനന്തവാടി അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെങ്കിലും റോഡ് പണി നടക്കുന്നതിനാൽ വാഹനം വേഗത്തിൽ കൊണ്ടുപോകാനായില്ല. മാനന്തവാടി പൊലീസ് സബ് ഡിവിഷനിലെ ഒമ്പത് എസ്.ഐമാരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. രാത്രി ഒമ്പതോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ശനിയാഴ്ച ഉച്ചക്ക് 12ന് മക്കിമല ഗവ. എൽ.പി. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.