‘നടപടി നേരിടുന്നവരെല്ലാം വയനാട്ടിലേക്ക്’: അധ്യാപകരുടെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യം
text_fieldsകൽപറ്റ: അച്ചടക്ക നടപടി നേരിടുന്ന അധ്യാപകരെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. കാലങ്ങളായുള്ള വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജില്ല കഠിന പ്രയത്നം നടത്തുന്നതിനിടെ ഇത്തരം നടപടികൾ വലിയ തിരിച്ചടിയാണ്. നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
സ്ഥലം എം.എൽ.എ പറയുന്നതു പോലും കേൾക്കാതെ വിദ്യാഭ്യാസ മേഖലയിൽ യാതൊരു ഇടപെടലും നടത്താൻ തയാറാവാത്ത അധ്യാപകരെയാണ് വയനാട്ടിലേക്ക് മാറ്റിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു. സ്കൂളിന്‍റെ വിജയശതമാനം ഉയർത്താനുള്ള പ്രവർത്തനങ്ങളിൽനിന്നും നടപടി നേരിട്ടവർ മാറിനിന്നിരുന്നു. ഏറ്റവുമധികം പാവപ്പെട്ടവരും പിന്നാക്ക വിഭാഗക്കാരും പഠിക്കുന്ന സ്കൂളുകളാണ് വയനാട്ടിലുള്ളത്. നല്ലരീതിയിലുള്ളഇടപെടലിലൂടെ മാത്രമേ ഇവിടെ വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാകൂ. അതിനാൽത്തന്നെ സർക്കാർ നടപടിയിൽ ആശങ്കയുണ്ടെന്നും സംഷാദ് വ്യക്തമാക്കി.
ചങ്ങനാശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഗുരുതര അച്ചടക്ക ലംഘനത്തിൽ ശിക്ഷിക്കപ്പെട്ട അഞ്ച് അധ്യാപകരിൽ മൂന്നുപേരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. നീതു, രശ്മി, ലക്ഷ്മി എന്നിവരെ യഥാക്രമം കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്. ജില്ലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനായി നടപ്പാക്കുന്ന പദ്ധതികളെ നടപടി ബാധിക്കും. വിദ്യാർഥികൾക്കിടയിൽ വേർതിരിവ് കാണിച്ചെന്നും ഇതു ചൂണ്ടിക്കാണിച്ച കുട്ടികളുടെ മാർക്ക് കുറച്ചെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.