വയനാട്ടിലെ കോഴ വിവാദം: യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെ പുറത്താക്കി, പിന്നാലെ കൂട്ടരാജി
text_fieldsസുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിന് പിന്നാലെ വയനാട് യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും തൽസ്ഥാനത്തുനിന്ന് നീക്കി. നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികളും സമീപ പഞ്ചായത്തുകളിലെ കമ്മിറ്റി ഭാരവാഹികളും രാജിവെച്ചു.
യുവമോർച്ച ജില്ല പ്രസിഡന്‍റ് ദീപു പുത്തൻപുരയിൽ, മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. അതേസമയം, പാർട്ടി നേതൃത്വത്തിനെതിരെ ദീപു പുത്തൻപുരയിലും രംഗത്തെത്തി. ആർത്തി മൂത്തു അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവർക്ക് മുന്നിൽ ഞങ്ങളിന്നു തോറ്റിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒറ്റുകാർക്ക് നേരെ വിരൽ ചൂണ്ടുന്നത് പൊറുക്കാനാകാത്ത അപരാധമായി മാറിയത് എന്ന് മുതലാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തെ ചൊല്ലി ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. കോഴ വിവാദത്തിൽ മനം മടുത്ത നിരവധി പ്രവർത്തകരും പ്രാദേശിക നേതാക്കളും ജില്ല, സംസ്ഥാന നേതാക്കൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എ ക്ലാസ് മണ്ഡലമെന്ന് കണക്കാക്കിയ സുൽത്താൻ ബത്തേരി സി ക്ലാസിലേക്ക് പോകാൻ കോഴ വിവാദം കാരണമായിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ ചില നേതാക്കളുടെ അഭിപ്രായം.
സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിനെതിരെ ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് കോഴ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ ഭിന്നതയും ഉടലെടുത്തത്. സ്ഥാനാർഥിയാകാൻ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്നു ജാനു ആദ്യ ഗഡുവായി 10 ലക്ഷം രൂപ വാങ്ങിയെന്ന് പ്രസീത പറഞ്ഞതോടെ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലായി.
ജാനു മാനനഷ്ട കേസ് കൊടുത്തെങ്കിലും പിന്നാലെ പ്രസീത കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടു. 25 ലക്ഷംകൂടി സുൽത്താൻ ബത്തേരിയിലെ ഒരു റിസോർട്ടിൽനിന്ന് ജാനു കൈപ്പറ്റിയെന്ന പ്രസീതയുടെ വെളിപ്പെടുത്തൽ പിന്നാലെയെത്തി. പൂജ സാധനങ്ങളെന്ന വ്യാജേന ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പണം എത്തിച്ചു കൊടുത്തതെന്നായിരുന്നു വെളിപ്പെടുത്തൽ.
ആരോപണങ്ങളെല്ലാം ജാനുവും ബി.ജെ.പി നേതാക്കളും നിഷേധിക്കുമ്പോഴും പാർട്ടിയിൽ നാൾക്കുനാൾ ഭിന്നത രൂക്ഷമാവുകയാണ്. മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ കാത്തിരുന്ന നേതാക്കളെ ഒഴിവാക്കിയാണ് സംസ്ഥാന നേതൃത്വം ജാനുവിന് ടിക്കറ്റ് നൽകുന്നത്. പ്രവർത്തകർ എതിർത്തിട്ടും സംസ്ഥാന നേതൃത്വവും ഏതാനും ജില്ല നേതാക്കളും രംഗത്ത് വരുകയായിരുന്നു. ജാനുവിനെ സ്ഥാനാർഥിയാക്കിയേ പറ്റൂ എന്ന് ശഠിച്ചവർക്കെതിരെയാണ് ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ തിരിഞ്ഞിരിക്കുന്നത്.
കെ. സുരേന്ദ്രനുമായി നല്ല അടുപ്പമുള്ള ആളാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ജില്ല ജനറൽ സെക്രട്ടറി. കോഴ ആരോപണങ്ങളെ അദ്ദേഹം നിഷേധിക്കുന്നുണ്ട്. അന്വേഷണം ൈക്രം ബ്രാഞ്ച് ഏറ്റെടുത്തതോടെ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രവർത്തകർ. അതെന്തായാലും ബി.ജെ.പി അണികളിൽ കൂടുതൽ കൊഴിഞ്ഞുപോക്കിന് കോഴ വിവാദം ഇടയാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.