വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം; ചർച്ചയായത് ഉരുൾ ദുരന്തം മുതൽ കുഴൽപ്പണം വരെ
text_fieldsകൽപറ്റ: മാസങ്ങളുടെ മാത്രം ഇടവേളക്കു ശേഷം വീണ്ടുമെത്തിയ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായ പ്രാദേശിക വിഷയങ്ങൾ മുതൽ അന്താരാഷ്ട്ര പ്രശ്നങ്ങൾ വരെ. ഉരുൾ ദുരന്തവും ചികിത്സരംഗത്തെ അപര്യാപ്തതയും വന്യജീവിശല്യവും യാത്രദുരിതവും തുടങ്ങി ജനകീയ വിഷയങ്ങളാണ് തുടക്കത്തിൽ ചർച്ചയായതെങ്കിൽ ദുരന്തബാധിതർക്കുള്ള പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണവും വഖഫ് ബോർഡ്, കുഴൽപ്പണം തുടങ്ങിയ വിവാദങ്ങളും വൻ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചു. മൂന്നു മുന്നണി സ്ഥാനാർഥികൾക്കു വേണ്ടിയും പരമാവധി നേതാക്കളെ അണിനിരത്തിയായിരുന്നു ഒരു മാസത്തെ പ്രചാരണം. കോൺഗ്രസാകട്ടെ ഒരു പടികൂടി കടന്ന് പഞ്ചായത്തുതല ചുമതലപോലും സംസ്ഥാന ഭാരവാഹികൾക്ക് നൽകിയായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വയനാട്ടിൽ തമ്പടിച്ച മുഴുവൻ നേതാക്കളോടും തിങ്കളാഴ്ച വൈകീട്ടോടെ പാലക്കാട്ടേക്ക് വണ്ടികയറാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി കുടുംബ യോഗങ്ങളിലായിരുന്നു മുന്നണികളുടെയെല്ലാം ശ്രദ്ധ. സ്ത്രീ വോട്ടർമാരെ കൈയിലെടുക്കാൻ നല്ലൊരു മാർഗമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. തിങ്കളാഴ്ച നടക്കുന്ന കലാശക്കൊട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിലും ഉച്ചക്കുശേഷം മൂന്നിന് തിരുവമ്പാടി പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് ബസ് സ്റ്റാൻഡിലേക്കും ഇരുവരും ചേർന്ന് റോഡ് ഷോ നടത്തും. കൽപറ്റയിലും മുക്കത്തും എൽ.ഡി.എഫ് റാലി നടക്കും. എൻ.ഡി.എ നിയോജകമണ്ഡലാടിസ്ഥാനത്തിൽ കലാശക്കൊട്ടിനിറങ്ങാനാണ് തീരുമാനം.
വയനാട് മണ്ഡലത്തിൽ ജനവിധി തേടുന്ന 16ൽ 11 പേരും ഇതര സംസ്ഥാനക്കാരാണ്. വയനാട് മണ്ഡല പരിധിയിൽനിന്നുള്ള ഏക സ്ഥാനാര്ഥി ആര്. രാജന് മാത്രമാണ്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടു സ്ഥലത്തും ജയിച്ചതിനെതുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.