‘വയനാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെയും മുന്നണികളെയും മാഫിയകൾ ഹൈജാക്ക് ചെയ്യുന്നു’
text_fieldsകൽപറ്റ: വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെയും മുന്നണികളെയും നിക്ഷിപ്ത താത്പര്യക്കാരുടെ മാഫിയാ സംഘങ്ങൾ ഹൈജാക്ക് ചെയ്ത് അജണ്ടകൾ നിശ്ചയിക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളോട് പുച്ഛം മാത്രമാണ് ഈ മാഫിയകൾക്ക്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയന്ത്രിക്കുന്ന രാഷ്ട്രീയ മാനേജർമാരാണ് ഇതിന്റെ ദല്ലാൾമാരെന്നും അവർ പറഞ്ഞു.
വയനാടിന്റെ നിലനിൽപിന്റെ ആണിക്കല്ലും സമ്പദ്ഘടനയുടെ നട്ടെല്ലുമായ കാർഷകരുടെ നീറുന്ന പ്രശ്നങ്ങളും ആദിമനിവാസികളുടെ ശോചനീയാവസ്ഥയും ഇവരെ അലട്ടുന്നില്ല. തോട്ടം തൊഴിലാളികൾ അടക്കമുള്ള ഭൂരഹിതരുടെ ഭൂപ്രശ്നങ്ങളും തകർന്നു തരിപ്പണമായ വയനാടൻ പരിസ്ഥിതിയുടെ പുനഃരുജ്ജീവനവും ഒരു സ്ഥാനാർഥിയുടെയും വിദൂരപരിഗണനയിൽ പോലും ഇല്ല. വയനാടിനെ പിടിച്ചുലച്ചുക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം പോലും ചടങ്ങിനു മാത്രം ഉരുവിടുന്ന വായ്ത്താരികൾ മാത്രമാണെന്നും പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ 15 വർഷമായി തുടരുന്ന രാത്രിയാത്രാ നിരോധനവും ബദൽ റോഡും ഒരിക്കലും യാഥാർഥ്യമാവാനിടയില്ലാത്ത മറ്റേനകം മണ്ടൻ പദ്ധതികളും ഉന്നയിച്ച് ജനങ്ങളെ കമ്പളിപ്പിക്കാനുള്ള പ്രചാരണ കോലാഹലമാണ് ഇത്തവണയും നടക്കുന്നത്. വയനാടിന്റെ സാമൂഹിക ഘടനയെയും പ്രകൃതിയെയും ഗുരുതരമായി ബാധിക്കുന്ന അനിയന്ത്രിത ടൂറിസത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച ചർച്ചയിൽനിന്ന് എല്ലാവരും ഒളിച്ചോടുകയാണ്. ചിലർ അതിന്റെ ബ്രാൻഡ് അംബാസഡർമാരായും അവതരിക്കുന്നു.
വയനാടിന്റെ പ്രകൃതിസമ്പത്ത് യഥേഷ്ടം കൊള്ളചെയ്ത് നാടിനെ നരകതുല്യമാക്കാൻ കച്ചകെട്ടിയിറങ്ങിയ ഗൂഢസംഘങ്ങളുടെ സംഘടിത പ്രചാരണങ്ങളിൽ രാഷ്ട്രീയ മുന്നണികളും സ്ഥാനാർഥികളും പെട്ടുപോകുന്നത് ജനാധിപത്യത്തിന്റെ അപചയവും നാടിന്റെ ദുര്യോഗവുമാണെന്ന് സമിതി പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി എന്നിവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.