വയനാട് ഉപതെരഞ്ഞെടുപ്പ്; വൻ സുരക്ഷ
text_fieldsമലപ്പുറം: വയനാട് ഉപതെരഞ്ഞെടുപ്പിൽ കർശന സുരക്ഷ ഒരുക്കിയതായി എസ്.പി ആർ. വിശ്വനാഥ് അറിയിച്ചു. രണ്ട് കമ്പനി കേന്ദ്രസേനയേയും മൂന്ന് കമ്പനി സായുധ ബറ്റാലിയനേയും വിന്യസിച്ചു. 2500 പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. നിലമ്പൂർ, വണ്ടൂർ, അരീക്കോട് സ്റ്റേഷനുകളെ മൂന്ന് ഇലക്ഷൻ സബ് ഡിവിഷൻ കേന്ദ്രങ്ങളാക്കി ഡിവൈ.എസ്.പിമാർക്ക് കീഴിൽ പഴതുടച്ച സുരക്ഷയൊരുക്കും. ലൈസൻസ്ഡ് തോക്കുകൾ സ്റ്റേഷനുകളിൽ തിരിച്ചേൽപ്പിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു.
പോളിങ് സാമഗ്രി വിതരണകേന്ദ്രങ്ങളായ ചുള്ളിക്കാട് ജി.യു.പി.എസ് (ഏറനാട് മണ്ഡലം), നിലമ്പൂർ അമൽ കോളജ് (നിലമ്പൂർ, വണ്ടൂർ മണ്ഡലം) എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തും. ചുള്ളിക്കാട് ജി.യു.പി.എസിൽ മലപ്പുറം ഡിവൈ.എസ്.പിക്കും, അമൽ കോളജിൽ നിലമ്പൂർ ഡിവൈ.എസ്.പിക്കുമാണ് ചുമതല.
തെരഞ്ഞെടുപ്പ് നടക്കുന്ന 11 സ്റ്റേഷൻ പരിധികളിലായി രണ്ട് വീതം പട്രോൾ സംഘങ്ങൾ 24 മണിക്കൂറും സുരക്ഷയൊരുക്കും. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന നിലമ്പൂർ അമൽ കോളജിൽ തല സുരക്ഷാസംവിധാന പ്രകാരം പഴുതടച്ച സുരക്ഷ ഏർപ്പെടുത്തും. കേന്ദ്ര സേനയുടെ 48 സേനാംഗങ്ങളേയും, എ.പി ബറ്റാലിയന്റെ 48 സേനാംഗങ്ങളേയും, പെരിഫെറൽ പട്രോൾ ആയി ലോക്കൽ പൊലീസിന്റെ സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ പൊലീസ് സൂപ്രണ്ടിന് കീഴിൽ ഇലക്ഷൻ സെല്ലും കൺട്രോൾ റൂമും എസ്.പി ഓഫിസിൽ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു.
26 പ്രശ്നസാധ്യത ബൂത്തുകൾ
മാവോവാദി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിൽ, കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ് ഏർപ്പെടുത്തും. ഇത്തരം 16 സ്ഥലങ്ങളിലായി 26 ബൂത്തുകളെ പ്രശ്ന സാധ്യത ബൂത്തുകളായി പരിഗണിച്ച് കേന്ദ്രസേനയെ വിന്യസിച്ചു. ഏറനാട്ടിൽ അഞ്ചും നിലമ്പൂരിൽ 17 ഉം വണ്ടൂരിൽ നാലും പ്രശ്നസാധ്യത ബൂത്തുകളാണുള്ളത്.
സൈബറിടങ്ങളിൽ ജാഗ്രത
സൈബർ സെല്ലിന്റേയും, സൈബർ സ്റ്റേഷന്റേയും നേതൃത്വത്തിൽ സൈബർ ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി എസ്.പി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചരണങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണ്.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ കർശന നടപടി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം 13.1729 കിലോ കഞ്ചാവ്, 76.25 ഗ്രാം എം.ഡി.എം.എ, 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 719.8 ഗ്രാം സ്വർണ്ണം എന്നിവയും 50,98,300 രൂപയും പിടികൂടിയതായി ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ് അറിയിച്ചു. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ ഒരു നാടൻ തോക്കും, 12 തിരകളും, ഏഴ് കാലി കെയ്സുകളും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.