വയനാട് ഉപതെരഞ്ഞെടുപ്പ്; ഗോദയിലിറങ്ങി യു.ഡി.എഫ്
text_fieldsമലപ്പുറം: വയനാട് ലോക്സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി എത്തും മുമ്പേ യു.ഡി.എഫ് പ്രവർത്തകർ ഗോദയിൽ സജീവമായി. ‘വയനാടിന്റെ പ്രിയങ്കരി’ എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചു തുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപംനൽകാൻ വ്യാഴാഴ്ച വൈകുന്നേരം 3.30ന് മുക്കത്ത് യു.ഡി.എഫ് നേതാക്കളുടെ യോഗം ചേരും. കെ.സി. വേണുഗോപാൽ എം.പി പങ്കെടുക്കും. 19ന് നിലമ്പൂർ, വണ്ടൂർ, ഏറനാട് അസംബ്ലി മണ്ഡലം യു.ഡി.എഫ് കൺവെൻഷനുകൾ ചേരും.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ വ്യാഴാഴ്ച തീരുമാനിക്കും. മുൻ എം.എൽ.എ ഇ.എസ്. ബിജിമോളുടെ പേര് സി.പി.ഐയുടെ സജീവ പരിഗണനയിലുണ്ട്. പ്രിയങ്കക്കെതിരെ വനിത നേതാവ് എന്ന നിലക്കാണ് ബിജിമോളെ പരിഗണിക്കുന്നത്. അവരില്ലെങ്കിൽ 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുൻ നാദാപുരം എം.എൽ.എ സത്യൻ മൊകേരിയും പരിഗണിക്കപ്പെടാം. വ്യാഴാഴ്ച ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ അന്തിമ തീരുമാനമെടുക്കും.
സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘടന മുന്നൊരുക്കങ്ങളിൽ ബി.ജെ.പിയും സജീവമാണ്. എല്ലായിടത്തും ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയാക്കി. ബി.ജെ.പിയിലേക്ക് വോട്ടുകൾ പോകുന്നത് തടയാൻ യു.ഡി.എഫും എൽ.ഡി.എഫും ജാഗ്രത പുലർത്തുന്നുണ്ട്.
നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങുമ്പോൾ ലീഗ് കേന്ദ്രങ്ങളും ആവേശത്തിലാണ്. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് ലീഗും കടന്നു. ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ ബുധനാഴ്ച സ്പെഷൽ കൺവെൻഷനുകൾ ചേർന്നു. നിയോജകമണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരടക്കം പങ്കെടുത്ത യോഗങ്ങളിൽ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാർട്ടിയുടെ 50 വീടുകൾ ചേർന്നുള്ള മൈക്രോലെവൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രചാരണം ഊർജിതമാക്കുമെന്ന് ജില്ല സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലാണ് വയനാട് ഉപ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. പി.വി. അൻവർ എം.എൽ.എ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ പടയൊരുക്കം എങ്ങനെ പ്രതിഫലിക്കുമൈന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. വയനാട്ടിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് പിന്തുണക്കുന്ന സ്ഥാനാർഥിയുണ്ടാകില്ലെന്നും മണ്ഡലത്തിലെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നാണ് അൻവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.