ചുരം റോഡ് നവീകരണം തുടങ്ങി: വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsവൈത്തിരി: ദേശീയപാത 766 നവീകരണത്തിന്‍റെ ഭാഗമായി വയനാട് ചുരം റോഡിന്‍റെ അറ്റകുറ്റ പണികൾക്ക് തുടക്കമായി. ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.കെ.എസ്.ആർ.ടി.സി ബസുകളും ചരക്കു ലോറികളുമടക്കം വലിയ വാഹനങ്ങൾക്ക് ഞായറാഴ്ച മുതൽ ചുരത്തിലൂടെ പ്രവേശനമില്ല. രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ അടിവാരം മുതൽ ലക്കിടിവരെ ഇവയുടെ ഗതാഗതം പൂർണമായും നിരോധിച്ചു.
വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽനിന്ന് തിരിഞ്ഞ് നാലാംമൈൽ പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുഡല്ലൂർ, നാടുകാണി ചുരം വഴിയും വേണം കടന്നു പോവാൻ. വീതി കുറഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങൾ വൺവേ ആയി മാത്രമാണ് കടത്തിവിടുക.
എന്നാൽ പ്രവൃത്തി നടക്കുന്ന ഒരു മാസക്കാലത്ത് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അടിവാരം മുതൽ ലക്കിടി വരെ കെ.എസ്.ആർ.ടി.സി ഒരുക്കിയ ഷട്ടിൽ സർവ്വീസ് യാത്രക്കാർക്ക് അനുഗ്രമായി. ചുരത്തിലൂടെ മിനിബസുകൾ കെ.എസ്.ആർ.ടി.സി ഓടിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് വരുന്ന ബസുകൾ യാത്രക്കാരെ അടിവാരം ഇറക്കുകയും അവിടെ നിന്ന് മിനി ബസുകളിൽ ലക്കിടിയിലെത്തിക്കുകയുമാണ് ചെയ്യുന്നത്.
അതേ സമയം ബത്തേരിയിൽ നിന്നും മാനന്തവാടിയിൽനിന്നും കോഴിക്കോട്ടുകുള്ള ബസുകൾ ലക്കിടിയിലെത്തി തിരിച്ചു നിർത്തുകയും അടിവാരത്തുനിന്നും എത്തുന്ന യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നു. ബസുകളിൽ നല്ല തിരക്കാനനുഭവപ്പെട്ടത്. എല്ലാ ബസുകളും ഓർഡിനറി സർവീസായാണ് ഓടിക്കുന്നത്. വയനാട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ പ്രശോഭ് അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഗതാഗത സംവിധാനമൊരുക്കാൻ രാവിലെ തന്നെ ലക്കിടിയിലെത്തിയിരുന്നു.
യാത്രക്കാർക്ക് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡി.ടി.ഒ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ഡി.ടി.ഒ ജോഷി ജോൺ, താമരശ്ശേരി എ.ടി.ഒ നിഷിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അടിവാരത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
33 കോടിയോളം രൂപയാണ് അടിവാരം മുതൽ ലക്കിടി വരെയുള്ള സ്ഥലത്തു നടക്കുന്ന പ്രവൃത്തിയുടെ ചെലവ്. ദേശീയ പാത നവീകരണത്തിന്‍റെ രണ്ടാം ഘട്ട പണികളാണ് ചുരത്തിൽ നടക്കുന്നത്. സുരക്ഷ ഭിത്തി നിർമാണം, ഡ്രൈനേജ് നിർമ്മാണം, റോഡ് ടാറിങ് എന്നിവയാണ് ഇവിടെ ചെയ്യുന്നത്.
ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലുള്ള ഇടുങ്ങിയ വശങ്ങൾക്കു വീതി കൂട്ടുന്നുണ്ട്. മറ്റിടങ്ങളിൽ വനം വകുപ്പിന്‍റെ അനുമതി കിട്ടിയാൽ മാത്രമേ വീതികൂട്ടാൻ സാധിക്കുകയുള്ളു. ആഗസ്റ്റ് മാസം വരെ സമയമുണ്ടെങ്കിലും പരമാവധി ഒരു മാസം കൊണ്ടു നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.