ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ്
text_fieldsസുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. വിജയൻ ഉപയോഗിച്ചിരുന്ന ഡയറികളടക്കം രേഖകൾ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. എന്നാൽ, ആത്മഹത്യയുടെ കാരണം അറിയില്ലെന്നാണ് കുടുംബം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
അതേസമയം, എൻ.എം. വിജയന്റെ ആത്മഹത്യ വിവാദമായ സാഹചര്യത്തിൽ വീട്ടുകാർ പ്രതികരിക്കുമെന്ന സൂചയുണ്ടായിരുന്നുവെങ്കിലും അവർ അതിന് തയാറായില്ല. തിങ്കളാഴ്ച രാവിലെ വലിയൊരു മാധ്യമ സംഘം പ്രതികരണം തേടി വിജയന്റെ മണിച്ചിറയിലെ വീട്ടിലെത്തിയെങ്കിലും സഞ്ചയത്തിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയുവെന്ന നിലപാടാണ് വീട്ടുകാർ കൈക്കൊണ്ടത്. കുടുംബത്തിന്‍റെ ഈ നിലപാടിന് കാരണം കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമാണെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുന്നു.
എൻ.എം. വിജയന്‍റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആത്മഹത്യകേസിനൊപ്പം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുക. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടി സ്വീകരിക്കും.
അതേസമയം, സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് എൻ.എം. വിജയന്‍റെയും മകന്റെയും ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് സി.പി.എം ഏരിയ കമ്മിറ്റി ഉയർത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാണ് സി.പി.എം ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബത്തേരിയിലെ എം.എൽ.എ ഓഫിസിലേക്ക് സി.പി.എം മാർച്ച് നടത്തി.
എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവർത്തിച്ചു. ഒരു കോടിയിലേറെ രൂപ ബാങ്ക് നിയമനത്തിനായി തനിക്ക് പിരിച്ചു നൽകിയെന്നാണ് ആരോപണം ഉയരുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് അത്തരം ഒരു കാശ് വാങ്ങേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ല. പ്രവർത്തകരിൽ നിന്നും പിരിവെടുത്താണ് അന്ന് ഡി.സി.സിയുടെ കാര്യങ്ങൾ നീക്കിയിരുന്നത്.
അധികാരമേൽക്കുമ്പോൾ ഡി.സി.സിയുടെ അക്കൗണ്ടിൽ സീറോ ബാലൻസായിരുന്നു. സ്ഥാനം ഒഴിയുമ്പോൾ ഡി.സി.സിയുടെ അക്കൗണ്ടിൽ ബാലൻസുണ്ട്. നിയമനത്തിനായി പണം വാങ്ങുന്ന ഉപജാപക സംഘമുണ്ടെങ്കിൽ അവരെ കണ്ടെത്തണം. കഴിഞ്ഞ ആറു വർഷമായി തന്നെ ചിലർ വേട്ടയാടുകയാണ്. നീതിക്കായി ഏതറ്റം വരെ പോകുമെന്നും ഐ.സി. ബാലകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.