വയനാട് ഡി.സി.സി ട്രഷററുടെ മരണം: കെ.പി.സി.സി സംഘം വീട്ടിലെത്തി, ബാധ്യതകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ
text_fieldsസുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് കെ.പി.സി.സി ഏർപ്പെടുത്തിയ അന്വേഷണസംഘം എൻ.എം. വിജയന്റെ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ചു.
കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ടി.എൻ. പ്രതാപൻ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ. ജയന്ത് എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ മണിച്ചിറയിലെ വീട്ടിലെത്തിയത്. വിജയന്റെ മൂത്തമകൻ വിജേഷ്, മരുമകൾ പത്മജ എന്നിവരോടാണ് അന്വേഷണസംഘം സംസാരിച്ചത്.
കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ധാർമിക ഉത്തരവാദിത്തമാണ് ചെയ്തതെന്ന് വീടിന് പുറത്തിറങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു. കുടുംബാംഗങ്ങൾ പറഞ്ഞ കടബാധ്യതകൾ പരിശോധിക്കും. മറ്റു നേതാക്കളുമായി സംസാരിച്ചതിനുശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കും. വിഷയത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ല. പൊലീസിന്റെ പ്രത്യേക സംഘവും വിജിലൻസ് അന്വേഷണവും നടത്തുന്ന സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ പെട്ടെന്നൊരു നടപടി എടുക്കില്ല. വിജയന്റെ ആത്മഹത്യ രാഷ്ട്രീയ മുതലെടുപ്പിന് വിട്ടുകൊടുക്കാൻ തയാറല്ലെന്നും കെ.പി.സി.സി അന്വേഷണസംഘം വ്യക്തമാക്കി.
എല്ലാ വിഷമങ്ങളും അന്വേഷണസംഘത്തോട് പറയാൻ കഴിഞ്ഞതായി എൻ.എം. വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. ബാധ്യതകൾ തീർക്കാമെന്ന് അന്വേഷണസംഘം ഉറപ്പുനൽകി. എല്ലാ വിഷമങ്ങളും മാറി. അച്ഛൻ വിശ്വസിച്ച പാർട്ടിയിലാണ് വിശ്വാസം. തുടക്കത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറിയെന്നും വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.