വയനാട് കേന്ദ്ര സഹായം: തീരുമാനം ഉടനെന്ന് കെ.വി. തോമസിന് നിർമല സീതാരാമന്റെ ഉറപ്പ്
text_fieldsന്യൂഡൽഹി: വയനാട് ദുരന്തത്തിൽ അടിയന്തര കേന്ദ്രസഹായം അഭ്യർഥിച്ചും ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫിസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച.
വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് നിർമല സീതാരാമൻ ഉറപ്പുനൽകിയതായി കെ.വി. തോമസ് പറഞ്ഞു. കേരളത്തിന് ശേഷം പ്രകൃതിദുരന്തമുണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്രസഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
കേന്ദ്ര- കേരള മാനദണ്ഡങ്ങൾ വ്യത്യസ്തമായതുകൊണ്ടാണ് കാലതാമസമെന്ന് മന്ത്രി അറിയിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാര്യങ്ങളിൽ വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി കെ.വി. തോമസ് അറിയിച്ചു.
ഇപ്പോഴുള്ള കേന്ദ്ര-സംസ്ഥാന അനുപാതം 60-40 എന്നത് 50-50 ആക്കണമെന്നും സെസുകളും സർചാർജുകളും ക്രമേണ ഒഴിവാക്കി എല്ലാ വരുമാനങ്ങളുടെയും നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്കും ലഭ്യമാക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.
സംസ്ഥാന വികസനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽനിന്ന് കുറച്ചുകൂടി ഉദാര സമീപനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതെല്ലാം താമസിയാതെ പരിഹരിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകിയതായി കെ.വി. തോമസ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.