വയനാട് ദുരന്തം: തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി പുത്തുമലയിൽ സംസ്കരിച്ചു
text_fieldsകൽപറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി ഇന്ന് സംസ്കരിച്ചു. ചാലിയാറിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയതാണ് ശരീരഭാഗങ്ങളാണ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ പുത്തുമലയിൽ സർവമത പ്രാർഥനയോടെ സംസ്കരിച്ചത്.
നേരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഡി.എൻ.എ സാമ്പിൾ എടുത്ത ശേഷമാണ് പുത്തുമലയിലെത്തിച്ചത്. ഇവരെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് സാമ്പിളുകൾക്ക് നൽകിയ നമ്പറുകളാണ് ഇവരുടെ മേൽവിലാസമായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹാരിസൺ മലയാളം ലിമിറ്റഡ് വിട്ടുനൽകിയ ഭൂമിയിലാണ് കുഴിമാടങ്ങൾ ഒരുക്കിയത്. ഇതിനോടകം ഇവിടെ 48 പേരുടെ മൃതദേഹങ്ങളും കൂടാതെ തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും സംസ്കരിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പരിശോധന തുടരുന്നുണ്ടെങ്കിലും വ്യാപകമായ രീതിയിലല്ല നടക്കുന്നത്. ആളുകൾ സംശയം പറയുന്ന ഭാഗങ്ങളിൽ പ്രത്യേകമായാണ് പരിശോധന നടക്കുന്നത്. ചൂരൽമലയിൽ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര്‍ ഫോഴ്സ്,സിവിൽ ഡിഫൻസ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന്റെ പിറകിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.