ആശ്വാസം... അവർ ഇവിടെ തന്നെയുണ്ട്
text_fieldsമേപ്പാടി: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുംബ ഫോട്ടോ മാത്രം ബാക്കിയാക്കി വീട്ടിലുള്ളതെല്ലാം തുടച്ചെടുത്ത ചിത്രത്തിൽ ഒടുവിൽ ആശ്വാസവാർത്ത.
ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിൽ ചൂരൽമലയിലെ സുമിഷയുടെ വീട് ചളിനിറഞ്ഞ പാടം പോലെയായി. ചളിയും വെള്ളവും നിറഞ്ഞ വീട്ടിൽ നിലത്തുവീണ കുടുംബ ഫോട്ടോ മാത്രം ബാക്കിയായതിന്റെ ചിത്രം ‘മാധ്യമം’ നൽകിയിരുന്നു. ചിത്രം വലിയതോതിൽ പ്രചരിക്കപ്പെട്ടതോടെ ഇവരെതേടി അന്വേഷണങ്ങളുടെ പ്രവാഹമായി.
അപ്പോഴാണ് സുജിഷ നിവാസിൽ സുമിഷയും മകൻ ധീരജും ചൊവ്വാഴ്ച മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെത്തിയതായി വിവരം ലഭിക്കുന്നത്. ഇവരുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടുമാസംമുമ്പ് എടുത്ത ചിത്രമാണ് ചളിയും വെള്ളവും മാത്രം ബാക്കിയായ വീട്ടിനുള്ളിൽ നിലത്തുവീണ നിലയിൽ കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിൽ ബാക്കിയായ ഏതാനും വീടുകളിൽ ഒന്നാണ് സുമിഷയുടേത്. എന്നാൽ, വീട്ടിനകത്തുള്ളതെല്ലാം ആർത്തിരമ്പിവന്ന മലവെള്ളം കൊണ്ടുപോകുകയായിരുന്നു.
ചൂരൽമല ടൗണിനടുത്ത് താമസിക്കുന്ന സുമിഷയുടെകൂടെ മകൻ ധീരജാണ് അപകട ദിവസം ഉണ്ടായിരുന്നത്. മൂത്തമകൾ മാനന്തവാടിയിൽ ഭർതൃവീട്ടിലായിരുന്നു. ഇളയമകൾ പഠനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും. ചൊവ്വാഴ്ച അർധരാത്രി വലിയ ശബ്ദം കേട്ടാണ് സുമിഷ അയൽവാസികളെ വിളിച്ച് കാര്യമന്വേഷിക്കുന്നത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയെന്നും ഉടൻ ഇറങ്ങിയോടാനുമായിരുന്നു നിർദേശം.
വാതിൽ തുറന്നപ്പോഴേക്കും കനത്തമഴയിൽ ആർത്തിരമ്പി വരുന്ന മലവെള്ളത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു. തുടർന്ന് ഫോൺമാത്രം കൈയിലെടുത്ത് മകനെയും കൂട്ടി അയൽക്കാരോടൊപ്പം ദൂരെ കുന്നിന് മുകളിലേക്ക് ഓടി. ‘മാധ്യമ’ത്തിൽ കുടുംബത്തിന്റെ ചിത്രം വന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം ഇവരെ തേടി അന്വേഷണം വ്യാപകമായി. ഇതോടെയാണ് കുടുംബം ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്ന ആശ്വാസവിളി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.