വയനാട് ദുരന്തം: പരിമിതികൾ തടസ്സമായില്ല നിലമ്പൂർ ജില്ല ആശുപത്രി പ്രവർത്തിച്ചത് ആക്ഷേപങ്ങളില്ലാതെ
text_fieldsനിലമ്പൂര്: പരിമിതികൾക്കിടയിലും ദുരന്തനാളുകളിൽ നിലമ്പൂർ ജില്ല ആശുപത്രി പ്രവർത്തിച്ചത് ആക്ഷേപങ്ങൾക്കിട നൽകാതെ. ഒരു പരാതിക്കും അവസരം നൽകാതെ കാര്യക്ഷമതയോടെയായിരുന്നു അപ്രതീക്ഷിത സാഹചര്യത്തിലെ ക്രമീകരണങ്ങൾ. ഇത്രകണ്ട് ആഴവും പരപ്പും ദുരന്തത്തിന് ഉണ്ടാവുമെന്ന് ആശുപത്രി അധികൃതർ പ്രതീക്ഷിച്ചില്ല. വയനാട് ഉരുൾപൊട്ടലിൽ 76 മൃതദേഹങ്ങളും 163 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ കാട്ടിലൂടെ ഒഴുകിവന്നത്. ഇന്നലത്തെതടക്കം 239 പോസ്റ്റ്മോർട്ടങ്ങളാണ് ഒമ്പതുദിവസത്തിനകം ഇവിടെ നടന്നത്.
ആറ് ഫ്രീസറുകൾ മാത്രമാണ് മോർച്ചറിയിലുള്ളത് എണ്ണമറ്റ മൃതദേഹങ്ങളെ ഏറ്റെടുക്കുന്നത് കടുത്ത വെല്ലുവിളിയായി. കൂടുതൽ ആംബുലൻസുകളും മോർച്ചറിയിലേക്ക് ഫ്രീസറുകളും അടിയന്തര ആവശ്യമുണ്ടെന്ന് സമൂഹമാധ്യമം വഴി പ്രചാരണം നൽകി. മണിക്കൂറിനുള്ളിൽ വിവിധ ഇടങ്ങളിൽനിന്നായി 53 ഫ്രീസറുകളും 60ഓളം ആംബുലൻസുകളുമെത്തി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പിന്നീട് നടപടി. പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ വാർഡുകളിലേക്ക് മാറ്റി. പേ വാർഡിലെ 20 മുറികളിലായി 28 ബെഡുകൾ അതിവേഗം സജ്ജീകരിച്ചു. വിവിധ സർക്കാർ ആശുപത്രികളിൽനിന്നായി ഫോറൻസിക് വിദഗ്ധരുൾപ്പെടെ ഡോക്ടർമാരും നഴ്സിങ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരും ആശുപത്രിയിലെത്തി.
ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലെ പൊലീസ് ഹെഡ്പോസ്റ്റ് വിപുലപ്പെടുത്തി. ഒരുക്കം അതിവേഗത്തിൽ പൂർത്തിയാക്കുന്നതിനിടയിൽ മൃതദേഹങ്ങൾ വന്നുക്കൊണ്ടിരുന്നു. 25 ഓളം മൃതദേഹങ്ങളാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യദിനംതന്നെ 57 മൃതദേഹങ്ങൾ എത്തി. പ്രതിസന്ധി മുന്നിൽകണ്ട് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടം നടപടികളും രാപ്പകലില്ലാതെ വേഗത്തിലാക്കി. ചാലിയാറിൽനിന്ന് ലഭിക്കുന്ന മൃതദേഹങ്ങൾ അതത് ദിവസംതന്നെ പോസ്റ്റ്മോർട്ടം നടത്തി.
ഡി.എൻ.എ പരിശോധനക്കായി സാമ്പിളുകൾ അയക്കുന്നതിലും മൃതദേഹങ്ങൾ വയനാട്ടിലേക്ക് അയക്കുന്നതിലും കുറ്റമറ്റ നടപടികൾ സ്വീകരിക്കുന്നതിൽ ആശുപത്രി അധികൃതർ വിജയിച്ചു. നാടൊരുമിച്ച് നൽകിയ പിന്തുണ കടുത്ത പ്രതിസന്ധി ഘട്ടങ്ങളെ സമചിത്തതയോടെ ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പിന് കരുത്തേകിയെന്ന് സൂപ്രണ്ട് ഡോ. ഷിനാസ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. എം.എൽ.എ പി.വി. അൻവർ, പി.വി. അബ്ദുൽ വഹാബ് എം.പി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, കലക്ടർ വി.ആർ. വിനോദ് എന്നിവരും ആശുപത്രിയിലെത്തി നിർദേശങ്ങൾ നൽകി. അതോടെ ദൗത്യം നെഞ്ചുറപ്പോടെ ഏറ്റെടുക്കുകയായിരുന്നു നിലമ്പൂർ ജില്ല ആശുപത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.