വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധന സഹായം; 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവർക്ക് 75000 രൂപ
text_fieldsതിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതകർക്ക് ആറു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.ആര്‍.എഫില്‍ നിന്ന് നാല് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷവും ചേര്‍ത്താണ് ആറ് ലക്ഷം അനുവദിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തത്തിൽ പരിക്കേറ്റ് 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും അനുവദിക്കുമെന്നും അറിയിച്ചു.
ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വാടക ഇനത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നൽകും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും തുക ലഭിക്കും. മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും പ്രതിമാസ വാടക ലഭിക്കില്ല.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ല.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്‍റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കും.
ദുരന്തത്തില്‍പ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവു നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.