'അവിയൽ പരുവം' മുന്നണികൾക്ക് ആശ്വാസം; നിരാശ
text_fieldsവയനാട് ജില്ലയിൽ 'അവിയൽ ജയം'. ഇരുമുന്നണികൾക്കും ആശ്വാസവും അതുപോലെ നിരാശയും പകരുന്നതായി തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും ചില പരമ്പരാഗത കോട്ടകൾ തകർന്നടിഞ്ഞു. 2015ൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയ മനസ്സാണ് വയനാട്ടിലെ വോട്ടർമാർ ബാലറ്റിൽ പ്രകടിപ്പിച്ചത്.
ജില്ല പഞ്ചായത്തിലെ 16 ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഭരണം യു.ഡി.എഫ് നിലനിർത്തി. നാലു ബ്ലോക്കുകളിൽ മാനന്തവാടിയും സുൽത്താൻ ബത്തേരിയും എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ കൽപറ്റയും പനമരവും യു.ഡി.എഫ് ഭരണത്തിലേറി.മൂന്നു നഗരസഭകളിൽ മാനന്തവാടിയിലും കൽപറ്റയിലും ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. സുൽത്താൻ ബത്തേരി എൽ.ഡി.എഫിനൊപ്പം നിലകൊണ്ടു. 23 ഗ്രാമപഞ്ചായത്തുകളിൽ 15ലും യു.ഡി.എഫ് ഭരണം പിടിച്ചു. എൽ.ഡി.എഫ് എട്ടിലേക്ക് ഒതുങ്ങി.
സി.പി.എമ്മിെൻറ ഇളകാത്ത കോട്ടകളായ നൂൽപുഴ, മീനങ്ങാടി പഞ്ചായത്തുകളിൽ യു.ഡി.എഫ് അട്ടിമറിജയം നേടി. അതേസമയം, മുസ്ലിം ലീഗിെൻറ ഉറച്ച പഞ്ചായത്തായ വെള്ളമുണ്ടയും ഇവിടെ ജില്ല പഞ്ചായത്ത് ഡിവിഷനും എൽ.ഡി.എഫ് പിടിച്ചെടുത്തു. ജില്ലയിൽ മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പ് സമ്മാനിച്ചത് നഷ്ടത്തിെൻറ കണക്കാണ്. സുൽത്താൻ ബത്തേരിയിലും വെള്ളമുണ്ടയിലും മറ്റും ലീഗിെൻറ പോക്കറ്റുകൾ ചോർന്നു പോയി. വെങ്ങപ്പള്ളി പഞ്ചായത്തിൽ ഒരു വാർഡിൽ വെൽഫെയർ പാർട്ടി വിജയിച്ചു.
ബി.ജെ.പിക്ക് ചില പരമ്പരാഗത സീറ്റുകളിൽ നേട്ടം കൊയ്യാനായി. പനമരം പഞ്ചായത്തിൽ ഇരുമുന്നണികളും തുല്യം. ഇവിടെ ഏക ബി.ജെ.പി അംഗത്തിെൻറ നിലപാടാണ് നിർണായകം.ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിെൻറ 40 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നൂൽപ്പുഴ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ചു. നെന്മേനിയാണ് മറ്റൊരു അട്ടിമറിക്ക് സാക്ഷ്യംവഹിച്ച പഞ്ചായത്ത്. 2015ൽ തറപറ്റിയ യു.ഡി.എഫ് ഇത്തവണ 23ൽ 16 സീറ്റുകൾ നേടി. ഇടതുമുന്നണി ഏഴിലൊതുങ്ങി. കോട്ടത്തറ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോൾ രണ്ടുസീറ്റ് ബി.ജെ.പി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.