വയനാട്ടിൽ കിറ്റിലെ സൊയാബീനിൽനിന്നും ഭക്ഷ്യവിഷബാധ; കുട്ടികൾക്ക് ഛർദിയും വയറിളക്കവും
text_fieldsമേപ്പാടി(വയനാട്): മുണ്ടക്കൈ- ചൂരൽമല ദുരന്തത്തെത്തുടർന്ന് കുന്നമ്പറ്റയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി. ചൂരൽമല സ്വദേശികളായ നൗഫൽ - നൂർജഹാൻ ദമ്പതികളുടെ മകൻ ആദി അയാൻ (ഏഴ്) നെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കാർ നൽകിയ ഭക്ഷ്യവസ്തുക്കളിൽ നിന്നുള്ള സോയാബീൻ വറുത്ത് കഴിച്ചതാണ് കാരണമായി സംശയിക്കുന്നത്.
പരിശോധനയിൽ ഭക്ഷണത്തിൽ ഫംഗസിന്റെ അംശം കണ്ടെത്തിയതായി സൂചനയുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കുട്ടിക്ക് അസ്വസ്ഥത പ്രകടമായത്. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ ശനിയാഴ്ച വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു. അതേസമയം, പഴകിയ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ മേപ്പാടി ഇ.എം.എസ് ഹാളിലെ ദുരന്ത ബാധിതർക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം ദുരന്ത ബാധിതരിൽ ചിലർക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ പുഴുവരിച്ചതടക്കമുള്ള ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത് വിവാദമായിരുന്നു. ഭക്ഷ്യ വസ്തുക്കളിൽ പലതും കാലാവധി കഴിഞ്ഞതാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അതേസമയം, ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് മേപ്പാടിയിൽ സി.പി.എം നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.