ചുരത്തിലെ മണ്ണിടിച്ചിൽ: വലിയ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ ഒമ്പതാം വളവിനു താഴെ തകരപ്പടിക്ക് സമീപം വ്യാഴാഴ്ച രാത്രി നവീകരണത്തിനിടെ റോഡ് ഇടിഞ്ഞുണ്ടായ ഗർത്തം അടക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് മുകളിൽ നിന്ന് റോഡിെൻറ ഒരുവശം താഴേക്ക് പതിച്ചത്.
ഏകദേശം എട്ടര മീറ്റർ താഴ്ചയിൽനിന്ന് ബേസ്മെൻറ് ഉണ്ടാക്കി സുരക്ഷാഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു മണ്ണിടിച്ചിൽ.രണ്ടര മീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്തതിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഈമാസം താഴെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് മാറിയതിനാൽ ദുരന്തം ഒഴിവായി.
വശം ഇടിഞ്ഞതോടെ ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ ചെറിയ വാഹനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
പകൽ സമയങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ മിനി ബസുകൾക്ക് അടിവാരം മുതൽ ലക്കിടി വരെയും തിരിച്ചും യാത്രക്കാരെയും കൊണ്ടുപോകാൻ അനുമതിയുണ്ട്. രാത്രി 10 മുതൽ രാവിലെ ആറു വരെ വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. റോഡിെൻറ വശം ഇടിഞ്ഞതോടെ വലിയ വാഹനങ്ങൾ പണി തീരുന്നതുവരെ പൂർണമായും നിരോധിച്ചു.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ ദേശീയപാത ഉദ്യോഗസ്ഥരും തൊഴിലാളികളും അക്ഷീണം പണിയെടുത്ത ശേഷമാണ് ചുരത്തിൽ ഇരുഭാഗത്തുമായി കുടുങ്ങിയ വലിയ വാഹനങ്ങൾ കടത്തിവിട്ടത്.
എട്ടു മീറ്റർ താഴ്ചയിൽനിന്നു കനത്തിൽ ബേസുണ്ടാക്കി മുകളിൽ കോൺക്രീറ്റ് ചെയ്തു മണ്ണിടാനാണ് പദ്ധതിയെന്ന് ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.